ഇൻഫാം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കർഷക സംഘടന: മുഖ്യമന്ത്രി

ഇൻഫാം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കർഷക സംഘടനയാണെന്നും കർഷകരെ ഒരുമിച്ച് നിർത്തുന്നതിൽ സംഘടന വലിയ വിജയം കണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഫാമിന്റെ രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക നയരൂപീകരണത്തിൽ ഇൻഫാം നൽകുന്ന നിർദ്ദേശങ്ങൾ സർക്കാരിന് ഏറെ സഹായകരമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കർഷകർക്കായി നിരന്തരം ശബ്ദമുയർത്തുന്ന താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ പ്രത്യേകം പ്രശംസിച്ചു. മലയോര മേഖലയിലെ ജനങ്ങൾക്കായി തെരുവിലിറങ്ങി സമരം ചെയ്യാൻ പോലും മടിയില്ലാത്ത ബിഷപ്പാണ് ഇൻഫാമിന്റെ യഥാർത്ഥ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ കാർഷിക മേഖല കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സമ്മേളനത്തിൽ സംസാരിച്ചു. സംസ്ഥാനത്തെ നെല്ല് ഉൽപാദനത്തിൽ വലിയ വളർച്ചയുണ്ടായതായും തരിശുരഹിത ഗ്രാമങ്ങൾക്കായി സർക്കാർ പ്രത്യേക സഹായം നൽകിവരുന്നതായും അദ്ദേഹം പറഞ്ഞു.

നിലവിൽ കേരളത്തിലെ 90 ശതമാനം നെല്ലും സർക്കാർ തന്നെയാണ് സംഭരിക്കുന്നത്. വരും ദിവസങ്ങളിൽ നെല്ല് സംഭരണം സഹകരണ സംഘങ്ങൾ വഴി നേരിട്ട് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം പാലക്കാട് ജില്ലയിൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷിക്ക് സർക്കാർ നയപരമായ മുൻഗണനയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങൾക്കിടയിലും കർഷകരെ സർക്കാർ ചേർത്തുപിടിച്ചു. റബ്ബറിന്റെ തറവില 170 രൂപയിൽ നിന്നും 200 രൂപയായി വർദ്ധിപ്പിച്ചത് കർഷകരോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും കാർഷിക മേഖലയുടെ ഉന്നമനത്തിനായി സർക്കാർ എന്നും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

31-Jan-2026