തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്. 61.2 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പതിനൊന്ന് സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ 95 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്ത് കോടി ജനങ്ങള്‍ ഇന്ന് വോട്ട് ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അസം 73.32, ബിഹാര്‍ 58.14,ഛത്തീസ്ഗഢ് 68.70, ജമ്മുകശ്മീര്‍ 43.37, കര്‍ണാടക 61.80, മഹാരാഷ്ട്ര 55.37, മണിപ്പൂര്‍ 74.69, ഒഡിഷ 57.41, പുതുച്ചേരി 72.40, തമിഴ്‌നാട് 61.52, ഉത്തര്‍പ്രദേശ് 58.12, പശ്ചിമബംഗാള്‍ 75.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിനിടെ അക്രമ സംഭവങ്ങള്‍ കൂടുതല്‍ രേഖപ്പെടുത്തിയതും പശ്ചിമ ബംഗാളിലാണ്.

വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് ബംഗാളില്‍ ഒരുക്കിയിരുന്നതെങ്കിലും പലസ്ഥലങ്ങളിലും തൃണമൂല്‍കോണ്‍ഗ്രസ് , ബിജെപി പ്രവര്‍ത്തകര്‍ പരക്കെ അക്രമങ്ങള്‍ അഴിച്ചുവിട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമങ്ങള്‍ ഉണ്ടായി. എബിപി ആനന്ദയിലെ മാധ്യമപ്രവര്‍ത്തകരായ പ്രതപ്രതിംഘോഷ്, സ്വപ്‌നം മജുന്ദാര്‍ എന്നിവരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 15,000 സുരക്ഷാ സൈനികരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷക്കായി നിയോഗിച്ചിരുന്നത്. റായ്ഗഞ്ച്, മേഖ്‌ലി ഗഞ്ച്, ഡാര്‍ജിലിങ്, എന്നിവിടങ്ങളിലാണ് പരക്കെ അക്രമം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ 6000 സുരക്ഷാ സൈനികരെ വിന്യസിച്ചിരുന്നു.

അസമിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. 73.32 ശതമാനമാണ് പോളിങ് നിരക്ക്. വിവിപാറ്റ് തകരാറിലായതിനെ തുടര്‍ന്ന് സില്‍ച്ചറില്‍ പോളിങ് ഒരു മണിക്കൂര്‍ തടസപ്പെട്ടു. ആകെ 8992 പോളിങ് കേന്ദ്രങ്ങളാണ് അസമില്‍ സജ്ജീകരിച്ചിരുന്നത്. 19 സ്വതന്ത്രരും മൂന്ന് വനിതകളും ഉള്‍പ്പെടെ 50 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.\

കര്‍ണാടകത്തിലെ ആകെയുള്ള 28ല്‍ 14 ലോക്‌സഭാ മണ്ഡങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ 61.8 ശതമാനമാണ് പോളിങ്. 15 വനിതകളും 133 സ്വതന്ത്രരും ഉള്‍പ്പെടെ 241 സ്ഥാനാര്‍ഥികളാണ് ഇന്നലെ മത്സരിച്ചത്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ ബംഗളൂരുവിലെ ജയ്‌നഗറിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി.

മണിപ്പൂരില്‍ ഇന്ന് ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 74.69 ശതമാനം പോളിങ് രേഖപ്പെടുത്തി. ഗവര്‍ണര്‍ നജ്മാ ഹെപ്തുള്ള, മുഖ്യമന്ത്രി ബിരേന്‍ സിങ് എന്നിവര്‍ ഇംഫാലില്‍ വോട്ട് രേഖപ്പെടുത്തി. സിപിഐ സ്ഥാനാര്‍ഥി എം നാരാ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒ നബ്കിഷോര്‍ സിങ് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.

ഒഡിഷയില്‍ 57.81 ശതമാനം പോളിങാണ് ഇന്നലെ രേഖപ്പെടുത്തിയത്. വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് ബോലാംഗീര്‍ മണ്ഡലത്തില്‍ ഒരു മണിക്കൂര്‍ പോളിങ് തടസപ്പെട്ടു. ഗഞ്ചാം പോളിങ് ബൂത്തില്‍ വോട്ടിനായി കാത്തുനില്‍ക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു.

ഉത്തര്‍പ്രദേശിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ 58.12 ശതമാനം പോളിങ് രേഖപ്പെടുത്തി. 8751 കേന്ദ്രങ്ങളിലായി 16.162 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. ഫത്തേപ്പൂര്‍ സിക്രി, ആഗ്ര, മഥുര, അലിഗഡ്, ഹത്രാസ്, ബുലന്ദ്ഷഹര്‍, അമോറ, നാഗിന എന്നീ മണ്ഡലങ്ങളിലേയ്ക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.

ജമ്മു-കശ്മീരിലെ ശ്രീനഗര്‍, ഉധംപൂര്‍ എന്നീ മണ്ഡലങ്ങളിലേയ്ക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഉധംപൂരില്‍ 69.54 ശതമാനം പോളിങ് രേഖപ്പെടുത്തി. ശ്രീനഗറില്‍ 14.08 ശതമാനം മാത്രമാണ് പോളിങ്. മഹാരാഷ്ട്രയില്‍ 57 ശതമാനം പോളിങാണ് ഇന്നലെ രേഖപ്പെടുത്തിയത്. നന്‍ദേദിലാണ് കൂടുതല്‍ പോളിങ് (60.88). കുറവ് സോളാപ്പൂരിലും ( 57.09)
തമിഴ്‌നാട്ടിലെ 38 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. തെക്കന്‍ തമിഴ്‌നാട്ടിലെ മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍ രേഖപ്പെടുത്തിയത്.

19-Apr-2019