ബിജെപിയെ അംഗീകരിക്കുന്ന നാടല്ല കേരളം: മുഖ്യമന്ത്രി
അഡ്മിൻ
ബിജെപിയെ അംഗീകരിക്കുന്ന നാടല്ല കേരളമെന്നും മതനിരപേക്ഷതയെ തകർക്കാനുള്ള ഏത് ശ്രമവും കേരളം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിന്റെ വികസന മുന്നേറ്റത്തിന്റെ വടക്കൻ മേഖല ജാഥ കാസർഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് മുന്നണി അധികാരത്തിൽ വന്നാലും നാടിന്റെ വികസനത്തിനാണ് എൽഡിഎഫ് മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസം ദേശീയപാതയുടെ വലിയ ഭാഗങ്ങൾ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണെന്നും 2016ൽ എൽഡിഎഫ് ഭരണത്തിൽ വന്നില്ലെങ്കിൽ ഇതൊക്കെ സാധ്യമാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
നാടിനോടുള്ള പ്രതിബദ്ധതയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും 2016ൽ സംസ്ഥാനത്തെ സ്കൂളുകളുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ആയിരത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടിയ നിലയിലായിരുന്നു. അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതിലൂടെയാണ് വിദ്യാഭ്യാസ മേഖലയെ തിരിച്ചുപിടിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.