അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരുന്നതിനെ ചെറുക്കണം : മുഖ്യമന്ത്രി
അഡ്മിൻ
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐതിഹ്യങ്ങളിലെയും പുരാവൃത്തങ്ങളിലെയും യുക്തിയില്ലാത്ത കഥകളെ പണ്ടേ ഇവിടെ ഉണ്ടായിരുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെന്ന നിലയിൽ തറവാടിത്തഘോഷണ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണതകൾ തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ശാസ്ത്ര വിജ്ഞാനവും ഗവേഷണങ്ങളും പ്രയോജനപ്പെടുത്തുന്ന ഗൗരവമായ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തെ പുരോഗമനപരമായി മാറ്റിമറിക്കാൻ കഴിയുന്ന ശാസ്ത്രത്തിന്റെ ശക്തിയിൽ വിശ്വാസമുള്ള എല്ലാവരും മാനവികതയുടെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം നിലപാടുകൾ സമൂഹത്തിലാകെ വ്യാപിപ്പിക്കുമ്പോഴാണ് സയൻസ് കോൺഗ്രസുകൾ പോലുള്ള പരിപാടികൾ സാർഥകമാകുന്നത്.
ലോകത്താകെ ഉണ്ടാകുന്ന പുതിയ സാങ്കേതിക വികാസങ്ങളെക്കുറിച്ചുള്ള അറിവ് മാത്രമല്ല, ശാസ്ത്രം വികസിച്ചുവന്ന ചരിത്രവും സാഹചര്യങ്ങളും ശരിയായി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം എങ്ങനെ വിവിധ ജ്ഞാനശാഖകളായി വികസിച്ചുവന്നുവെന്നും ഓരോ തലമുറയുടെയും ജീവിതത്തെ ആധുനികമാക്കാൻ ശാസ്ത്രം എങ്ങനെ ഉപയോഗിക്കപ്പെട്ടുവെന്നും സമൂഹം തിരിച്ചറിയണം.
ശാസ്ത്രചരിത്രത്തെ കെട്ടുകഥകളോടും കേട്ടുകേൾവികളോടും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായിരിക്കുന്ന ഈ കാലത്ത്, ശാസ്ത്രത്തെക്കുറിച്ചുള്ള ശരിയായ ചരിത്രബോധം അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.