കേന്ദ്രത്തിൻ്റേത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകർക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എല്ലാ മേഖലകളിലും കേരളത്തോട് അവഗണനയാണ് കാണിക്കുന്നതെന്നും ഇത് കേന്ദ്ര ബജറ്റിലും ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.
മതധ്രുവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതും കേരളം പുരോഗമിക്കുന്നതുമാണ് കേന്ദ്ര സർക്കാരിന്റെ എതിർപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണന ജാഥയിലൂടെ ഈ കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കുമെന്നും സിപിഐഎമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനകൾ തുറന്നുകാട്ടാൻ ജാഥയിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ഒന്നും ആവശ്യപ്പെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും സംസ്ഥാനം 29 ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതിവേഗ റെയിലിന് അനുമതി നിഷേധിച്ചതിൽ മെട്രോമാൻ ഇ. ശ്രീധരൻ പോലും നിരാശനാണെന്നും, അദ്ദേഹത്തിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഇല്ലെന്നത് ഇതിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റാപ്പിഡ് റെയിൽ ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പേരിൽ അതിവേഗ പാതയാണ് കേരളം ആവശ്യപ്പെട്ടിരുന്നതെന്നും സംസ്ഥാനത്തിന് അതിവേഗ റെയിൽ അനിവാര്യമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പദ്ധതി ആര് നടപ്പിലാക്കിയാലും അത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആയുർവേദ മേഖലയിലും കേരളത്തെ തഴഞ്ഞുവെന്നും ബജറ്റിൽ ഒന്നുമില്ലാത്തതിൽ വലിയ നിരാശയുണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.