പ്രേമചന്ദ്രനും ബി ജെ പിയും ധാരണയിൽ. കൊല്ലത്ത് പൊട്ടിത്തെറി.

കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനും ബി ജെ പി നേതൃത്വവുമായുള്ള ധാരണ വെളിച്ചത്തുവന്നു. ബി ജെ പി വോട്ട് മറിക്കുകയാണെന്ന ആരോപണം  ശരിവെച്ച്‌ നേതാക്കൾ. ബി ജെ പിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുമെന്നാണ്‌ എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചത്‌. ഇത് നേരത്തെ ഉണ്ടാക്കിയ ധാരണയുടെ പുറത്തുള്ള പ്രതികരണം ആയിരുന്നു. ഇതോടെ വോട്ട്‌  മറിക്കുന്നതിനെതിരെ ബി ജെ പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. 

ആരോപണത്തെ തുടർന്ന്‌ ബി ജെ പി ജില്ലാ പ്രസിഡന്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയർന്നു. കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് ബി ജെ പി വോട്ട് മറിക്കുന്നതെന്നും യോഗത്തിൽ  ആരോപണമുയർന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രേമചന്ദ്രൻ ബി ജെ പിയിലേക്ക് വരുമെന്ന് പറഞ്ഞാണ് നേതൃത്വത്തിൽ ചിലർ രംഗം തണുപ്പിക്കാൻ ശ്രമിച്ചത്.  

യുവമോര്‍ച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പരസ്യമായി ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പ്രേമചന്ദ്രന് വേണ്ടി ബിജെപി ജില്ലാ നേതൃത്വം ഇടപെട്ട് വോട്ട് മറിക്കുകയാണെന്നായിരുന്നു ആരോപണം. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ചേര്‍ന്ന എൻഡിഎ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റിയിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും ജില്ലാ പ്രസിഡന്‍റ് ഗോപിനാഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.മണ്ഡലത്തിൽ ബിജെപി പ്രവർത്തനം കാര്യക്ഷമമല്ലെന്നും  ഇത്‌ വോട്ട്‌ മറിക്കുന്നതിന്റെ സൂചനയാണെന്നും പ്രവർത്തകർ പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിമര്‍ശനമുയര്‍ന്നു. കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റിയംഗം സുഭാഷിനെ തിരിച്ചെടുത്ത് ചവറയില്‍ ചുമതല നല്‍കിയതും പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. 

 

19-Apr-2019