എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എൽ ഡി എഫ്

വോട്ടർ പട്ടികയിൽ അർഹതയുള്ള മുഴുവൻ ആളുകളെയും ഉൾപ്പെടുത്തണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. വോട്ടർ ആകാൻ അർഹതയുള്ള നിരവധി പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതായി അദ്ദേഹം പറഞ്ഞു. എസ്‌ഐ‌ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിലും തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം നടന്നിട്ടുണ്ടെന്നും, അപ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കാളികളായിരുന്നുവെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ എസ്‌ഐ‌ആറിൽ ബിഹാർ മാതൃകയിലെ പരിഷ്കരണം നടത്താൻ കഴിയില്ലെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലും വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അർഹതയില്ലാത്തവർ പട്ടികയിൽ എത്തിയിട്ടുണ്ടെന്നത് ഗുരുതര പ്രശ്നമാണെന്നും, അതേസമയം സംസ്ഥാനത്ത് താമസമാക്കിയ അതിഥി തൊഴിലാളികൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിൽ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമ വോട്ടർ പട്ടിക 21ന് പ്രസിദ്ധീകരിക്കുമ്പോൾ ഇത്തരം അപാകതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, ഇത് അർഹരായ വോട്ടർമാരുടെ അവകാശം നിഷേധിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം അപാകതകൾ കണ്ടെത്താനും പരാതികൾ നൽകാനും മതിയായ സമയം അനുവദിക്കണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

02-Feb-2026