പ്രിയങ്കയുടെ സ്ത്രീസുരക്ഷാ സംസാരം വ്യാജം

നിലമ്പൂരിൽ പ്രചാരണത്തിന് എത്തിയ പ്രിയങ്കാ ഗാന്ധി കോൺഗ്രസിന്റെ നിലമ്പൂർ ഓഫിസിൽ അരുംകൊലചെയ്യപ്പെട്ട  രാധയുടെ കുടുംബത്തെ സന്ദർശിക്കാതെ മടങ്ങിയത് വൻ വിമർശനം വിളിച്ചു വരുത്തി. ലോക‌്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് വാനോളം സംസാരിച്ച കോൺഗ്രസ‌് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ‌് പ്രിയങ്ക  രാധയുടെ കുടുംബത്തെ  മറന്നത‌്. കെപിസിസി നേരത്തെ തന്നെ രാധയുടെ കുടുംബത്തെ തഴഞ്ഞിരുന്നു.  

രാധയുടെ ബന്ധുക്കളെ സംരക്ഷിക്കുമെന്ന‌് പറഞ്ഞുപറ്റിച്ച കെപിസിസിയുടെ അതേ  സമീപനമാണ് എഐസിസിക്കുമെന്ന് പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ നിന്നും വ്യക്തമാകുന്നു. സ്ത്രീ സുരക്ഷയെ മുൻനിർത്തി വോട്ട് ചോദിക്കുന്ന രാഹുൽ ഗാന്ധിയും രാധയുടെ കുടുംബത്തെ കാണാൻ തയ്യാറായിരുന്നില്ല. 

രാധയുടെ മരണം സംബന്ധിച്ച ഗൂഢാലോചനയും ഉന്നതബന്ധവുമടക്കമുള്ള ആരോപണങ്ങളെല്ലാം യുഡിഎഫ‌് ഭരണകാലത്ത് അട്ടിമറിച്ചതുകൂടാതെ, കുടുംബത്തിന് സഹായം നൽകുമെന്ന വാഗ‌്ദാനവും കോൺഗ്രസ‌് വിഴുങ്ങി. രാധയുടെ കുടുംബത്തിനൊപ്പം കോൺഗ്രസ‌് ഇല്ലെന്ന‌് തെളിയിക്കുന്നതായി  പ്രിയങ്കയുടെ ഒളിച്ചോട്ടം. രാധയെ കൊന്ന‌് ചാക്കിൽക്കെട്ടി കുളത്തിലിട്ടശേഷവും കള്ളക്കഥ പ്രചരിപ്പിക്കുകയാണ‌് കോൺഗ്രസ‌് നേതൃത്വം ചെയ‌്തത‌്. കുടുംബത്തിന് കെപിസിസിയോ അന്നത്തെ യുഡിഎഫ‌് സർക്കാരോ ഒരു സഹായവും നൽകിയില്ല. എന്നാൽ, സിപിഐ എം അഞ്ചുലക്ഷം രൂപ സ്വരൂപിച്ച്‌ കുടുംബസഹായ ഫണ്ട‌് നൽകിയിരുന്നു.

നാടിനെ നടുക്കിയ അരുംകൊല സംബന്ധിച്ച വിശദമായ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട‌്  രാധയുടെ സഹോദരൻ ഭാസ്കരൻ അന്നത്തെ കെപിസിസി പ്രസിഡന്റ‌് വി എം സുധീരന്  നിവേദനം നൽകിയിരുന്നു. കൂടാതെ എഐസിസിക്കും പരാതി നൽകി.  എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന‌് വാഗ‌്ദാനം  നൽകിയ അന്നത്തെ കെപിസിസി പ്രസിഡന്റോ നിലവിലെ ഭാരവാഹികളോ ഒന്നുംചെയ‌്തില്ല.

കാണാതായ രാധയുടെ മൃതദേഹം 2014 ഫെബ്രുവരി അഞ്ചിന് ചുള്ളിയോട്‌ ഉണ്ണികുളത്തെ കുളത്തിൽ ചാക്കിൽകെട്ടിയനിലയിൽ കണ്ടെത്തുകയായിരുന്നു. 12 വർഷം കോൺഗ്രസിന്റെ നിലമ്പൂർ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസിലെയും മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിന്റെയും ബന്ധു ആര്യാടൻ ആസാദിന്റെയും ഓഫീസുകളിലെയും തൂപ്പുജോലിക്കാരിയായിരുന്നു രാധ. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന‌്  ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗം ബിജു നായർ, സുഹൃത്ത്‌ ഷംസുദ്ദീൻ എന്നിവരെ  അറസ്റ്റ്‌ ചെയ്തിരുന്നു. 2015ൽ മഞ്ചേരി സെഷൻസ്‌ കോടതി ഇരുവർക്കും ജീവപര്യന്തം കഠിനതടവും വിധിച്ചു.

21-Apr-2019