സഭയ്ക്കുള്ളിലെ സംഘർഷം പ്രതിപക്ഷം ബോധപൂർവ്വം സൃഷ്ടിക്കുന്നത്: മുഖ്യമന്ത്രി
അഡ്മിൻ
നിയമസഭയ്ക്കുള്ളിൽ ഉണ്ടായ സംഘർഷം പ്രതിപക്ഷം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കോടതിയിൽ തിരിച്ചടി നേരിട്ടാൽ നിയമസഭയിൽ ബഹളംവച്ച് കാര്യം നേടാമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സഭയിൽ പ്രകോപനപരമായ യാതൊരു അന്തരീക്ഷവും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബാനറിൽ ഉപയോഗിച്ചിരുന്ന വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സുരക്ഷാ ജീവനക്കാർ അത് പിടിച്ചെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കറുടെ ഡയസിലേക്കു നേരിട്ട് ചാടിക്കയറുകയും നിയമസഭയിൽ ഒരിക്കലും കാണിക്കരുതാത്ത കോപ്രായങ്ങൾ കാട്ടുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭയ്ക്കുള്ളിലെ അക്രമത്തെ പ്രതിപക്ഷ നേതാവ് പൂർണമായും ന്യായീകരിക്കുകയാണെന്നും ഇതിനെ നിയമസഭ ശക്തമായി അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനിടെ, പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്ന് മന്ത്രി എം.ബി. രാജേഷ് സഭയിൽ പറഞ്ഞു. വിഷയദാരിദ്ര്യം കാരണം അടിയന്തരപ്രമേയം പോലും അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ നിയമസഭാ കാലത്ത് വലിയ വിവാദമാക്കിയ സ്പ്രിംക്ലർ വിഷയത്തിന്റെ അവസ്ഥ എന്തായെന്നും മന്ത്രി ചോദിച്ചു. കോടതിയിൽ തോറ്റാൽ നിയമസഭയിൽ പ്രതിഷേധമെന്ന നിലപാടിലേക്കാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന ആരോപണവും എം.ബി. രാജേഷ് ഉന്നയിച്ചു.