ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീക ആരോപണം പിന്നിൽ ഗൂഡാലോചന

സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി. 2018 ഒക്ടോബറിൽ ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് സുപ്രീംകോടതി ചീഫ‌് ജസ്റ്റിസായി അധികാരമേറ്റതിന‌ു പിന്നാലെ രണ്ട‌് പ്രാവശ്യം തന്നോട‌് ലൈംഗികതാൽപ്പര്യത്തോടെ പെരുമാറിയെന്നാണ‌് യുവതിയുടെ ആരോപണം. മോശംപെരുമാറ്റം തടഞ്ഞതിനെത്തുടർന്ന‌് തന്നെയും കുടുംബത്തെയും അധികാരദുർവിനിയോഗം ചെയ‌്ത‌് വേട്ടയാടിയെന്നും സുപ്രീംകോടതിയിലെ 22 ജഡ‌്ജിമാർക്ക‌് കൈമാറിയ സത്യവാങ്‌മൂലത്തിൽ പറയുന്നു.

2014 മെയ‌് ഒന്ന‌ുമുതൽ 2018 ഡിസംബർ 21 വരെ സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട‌് അസിസ്റ്റന്റായി ജോലിചെയ‌്തിരുന്ന യുവതിയാണ‌് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത‌്. സുപ്രീംകോടതിയിലെ വിരമിച്ച ജഡ‌്ജിമാർ അംഗങ്ങളായ സമിതി രൂപീകരിച്ച‌് അന്വേഷണം നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. 2019 ജനുവരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ‌്നാഥ‌്സിങ‌്, ഡൽഹി പൊലീസ‌് കമീഷണർ അമൂല്യ പട‌്നായിക‌് എന്നിവർക്ക‌് പരാതി നൽകിയതായി സത്യവാങ‌്മൂലത്തിനൊപ്പം യുവതി കൈമാറിയ വീഡിയോ ദൃശ്യങ്ങളിൽ പറയുന്നു.

യുവതിയുടെ പരാതി വിവിധ ഓൺലൈൻ പോർട്ടലുകൾ വാർത്തയാക്കിയതിനെത്തുടർന്ന‌് ചീഫ‌് ജസ്റ്റിസിന്റെ നേതൃത്വത്തിൽ മൂന്നംഗബെഞ്ച‌് അടിയന്തരസിറ്റിങ‌് നടത്തി വിഷയം പരിഗണിച്ചു. യുവതി ഉന്നയിച്ച എല്ലാ ആരോപണവും അടിസ്ഥാനരഹിതമാണെന്ന‌് ചീഫ‌് ജസ്റ്റിസ‌് വികാരാധീനനായി പ്രതികരിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന‌ുനേരെയുള്ള കടന്നാക്രമണമാണിതെന്നും അടുത്ത ആഴ‌്ച ചില നിർണായക കേസുകൾ പരിഗണിക്കാനിരിക്കെ തന്റെ ഓഫീസിനെ നിർവീര്യമാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ‌്തയും ചീഫ‌് ജസ്റ്റിസിനെ പൂർണമായും പിന്തുണച്ചു. വിഷയത്തിൽ അടിയന്തര വിധി പുറപ്പെടുവിക്കുന്നില്ലെന്ന‌് മൂന്നംഗബെഞ്ചിൽ അംഗമായ ജസ്റ്റിസ‌് അരുൺ മിശ്ര നിരീക്ഷിച്ചു. ആരോപണങ്ങളിൽ ഏതൊക്കെ വാർത്തയാക്കണം ഏതൊക്കെ അവഗണിക്കണമെന്ന വിഷയത്തിൽ മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെയും സംയമനത്തോടെയും തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. അനുയോജ്യമായ ബെഞ്ച‌് വിഷയം പിന്നീട‌് പരിഗണിക്കുമെന്നും മൂന്നംഗബെഞ്ച‌് അറിയിച്ചു.  ആരോപണം ഉന്നയിച്ച യുവതി 2016 ഒക്ടോബർമുതൽ  ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയുടെ കോടതിയിൽ ജോലിനോക്കിയിരുന്നു. കോർട്ട‌് മാസ്റ്റർമാർക്ക‌് ലൈബ്രറികളിൽനിന്ന‌് ആവശ്യമായ പുസ‌്തകങ്ങളും വിധിന്യായങ്ങളും മറ്റും എത്തിച്ചുകൊടുക്കുകയായിരുന്നു ജോലി. 2018 ആഗസ‌്ത‌് 27ന‌് യുവതിയെ ചീഫ‌് ജസ്റ്റിസിന്റെ 10, തീസ‌് ജനുവരി മാർഗിലെ ഔദ്യോഗികവസതിയിലെ ഓഫീസിൽ  നിയമിച്ച‌് ഔദ്യോഗിക ഉത്തരവ‌് പുറത്തിറങ്ങി. ഈ അവസരത്തിൽ ചീഫ‌് ജസ്റ്റിസ‌് തനിക്ക‌് വാട‌്സാപ‌് സന്ദേശങ്ങളും മറ്റും അയക്കാറുണ്ടായിരുന്നുവെന്ന‌് പരാതിയിൽ പറയുന്നു.

അതെ സമയം സുപ്രീം കോടതി ചീഫ‌് ജസ‌്റ്റിസിനെതിരായ സമർപ്പിച്ച സത്യവാങ‌്മൂലത്തിൽ യുവതി വിശദീകരിക്കുന്നത് ഇങ്ങനെയാണ് : '‘നേരിട്ട അപമാനത്തെ കുറിച്ചും വേട്ടയാടലിനെ കുറിച്ചും നേരത്തെ തന്നെ പ്രതികരിക്കണം എന്നുണ്ടായിരുന്നു.  ഞാനും  കുടുംബവും നേരിടേണ്ടി വന്നേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള ആശങ്കയിലാണ‌് അത‌് വേണ്ടെന്ന‌ുവച്ചത‌്. മറ്റൊരു പോംവഴിയും  ഇല്ലാത്തതിനെ തുടർന്നാണ‌് ബഹുമാനപ്പെട്ട ന്യായാധിപരോട‌് ഈ പരാതി ബോധിപ്പിക്കുന്നത‌്'’–  സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയുടെ ലൈംഗികതാൽപ്പര്യത്തോടെയുള്ള നീക്കങ്ങൾ തടഞ്ഞതിനെ തുടർന്ന‌് തനിക്കും കുടുംബത്തിനും കടുത്ത പ്രതികാരനടപടികൾ നേരിടേണ്ടിവന്നുവെന്നും പരാതിക്കാരി പറയുന്നു. യുവതി കടുത്ത മാനസിക സമ്മർദത്തിലാണെന്ന‌് മെഡിക്കൽരേഖകൾ വ്യക്തമാക്കുന്നു. 

എന്നാൽ, നിസ്വാർഥമായ ഔദ്യോഗികജീവിതത്തിന‌് ലഭിച്ച പ്രതിഫലം ഇതാണെന്ന‌ത‌് അവിശ്വസനീയമാണെന്ന‌് സുപ്രീം കോടതി ചീഫ‌് ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്. തനിക്കെതിരായ ഗുരുതര ആരോപണങ്ങളോട‌് തികച്ചും വൈകാരികമായാണ‌് ശനിയാഴ‌്ച പ്രത്യേകസിറ്റിങ്ങിൽ അദ്ദേഹം പ്രതികരിച്ചത‌്. ഒരു ന്യായാധിപനായി ഔദ്യോഗികജീവിതം തുടങ്ങുമ്പോൾ തനിക്ക‌് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. 20 വർഷത്തിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിന‌ുശേഷം വിരമിക്കാൻ മാസങ്ങൾമാത്രം ശേഷിക്കെ ആറുലക്ഷത്തോളം രൂപമാത്രമാണ‌് അക്കൗണ്ടിലുള്ളത‌്. പണം നൽകി തന്നെ വിലയ‌്ക്കെടുക്കാൻ കഴിയില്ലെന്ന‌് അറിയാവുന്നവരാണ‌് ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത‌്.

എല്ലാ ജീവനക്കാരോടും മര്യാദയോടെയും അന്തസ്സോടെയുംമാത്രമാണ‌് പെരുമാറിയിട്ടുള്ളത‌്. ആരോപണം ഉന്നയിച്ച ജീവനക്കാരി ഒന്നരമാസത്തോളംമാത്രമാണ‌് തന്റെ കൂടെ പ്രവർത്തിച്ചത‌്. അവർ ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പ്രതികരണംപോലും അർഹിക്കുന്നില്ല. തന്റെ ഓഫീസിനെ നിഷ‌്ക്രിയമാക്കണമെന്ന‌് ആഗ്രഹിക്കുന്ന ചിലർ നടത്തിയ വലിയ ഗൂഢാലോചനയുടെ ഫലമാണ‌് ആരോപണം. നീണ്ട ഔദ്യോഗിക ജീവിതത്തിനൊടുവിൽ സൽപ്പേര‌് മാത്രമാണ‌് ന്യായാധിപന്മാർക്ക‌് സ്വന്തമായി കിട്ടുന്നത‌്. അത‌ുപോലും ഇല്ലാതാകുന്നെങ്കിൽ ആരാണ‌് ജഡ‌്ജിമാരാകാൻ തയ്യാറാകുകയെന്നും അദ്ദേഹം ചോദിച്ചു.

ജുഡീഷ്യറി വലിയ വെല്ലുവിളികളാണ‌് നേരിടുന്നതെന്ന‌് പരമോന്നത കോടതിയുടെ ഏറ്റവും ഉയർന്ന തസ‌്തികയിലിരുന്ന‌് താൻ പൗരന്മാരെ അറിയിക്കുകയാണ‌്. പക്ഷേ, എല്ലാ വെല്ലുവിളികൾക്കിടയിലും കർത്തവ്യങ്ങൾ ഉത്തരവാദിത്തബോധത്തോടെ നിറവേറ്റുകതന്നെ ചെയ്യുമെന്നും ചീഫ‌് ജസ്റ്റിസ‌് പറഞ്ഞു.

21-Apr-2019