ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി

ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി കോടതി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ വിധി പറയുന്നതും പിന്നീട് പരിഗണിക്കാനായി മാറ്റി.

കട്ടിളപാളി കേസുമായി ബന്ധപ്പെട്ട ജാമ്യഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഇതിൽ വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പറയാൻ സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം, തിരുവാഭരണം മുൻ കമ്മീഷണർ കെ. എസ്. ബൈജുവിന്റെ ജാമ്യഹർജി ഈ മാസം 11ന് കോടതി പരിഗണിക്കും. റിമാൻഡിലായി 90 ദിവസം പിന്നിട്ടതിനെ തുടർന്ന് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായാണ് ബൈജു ഹർജി സമർപ്പിച്ചിരിക്കുന്നത്.

04-Feb-2026