ശബരിമല സ്വര്‍ണക്കൊള്ള ; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്
അഡ്മിൻ
ശബരിമല സ്വര്‍ണക്കൊള്ള സഭയില്‍ ഉന്നയിച്ച് വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. പ്രതികള്‍ രക്ഷപ്പെട്ടുപോകണമെന്നും അന്വേഷണം ശരിയായ ദിശയില്‍ നടക്കരുതെന്നുമാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
അന്വേഷണം മുന്നോട്ടുപോയാല്‍ പോറ്റി പോയിടത്തെല്ലാം പ്രത്യേക അന്വേഷണസംഘം എത്തും. പ്രതിപക്ഷ നേതാവിന് ഉള്ക്കിടിലമുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് സഭയില്‍ അദ്ദേഹം ഈ കോപ്രായം മുഴുവന്‍ കാണിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.
പരലോകത്തും ഇഹലോകത്തുമുള്ള കോണ്‍ഗ്രസുകാരാണ് ശബരിമലയില്‍ പോറ്റിയെ കേറ്റിയതെന്ന് വ്യക്തമായെന്നും ഒരിക്കല്‍ കൂടി ആ പാട്ടുപാടാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ലെന്നും മന്ത്രി എം ബി രാജേഷ് പരിഹസിച്ചു. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു.
എന്നാല്‍ കോടതിയില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ശക്തമായ മറുപടി ലഭിച്ചെന്ന് മന്ത്രി രാജേഷ് സൂചിപ്പിച്ചു. ധൃതിപിടിച്ച് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതികള്‍ രക്ഷപ്പെട്ടുപോകും എന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതികള്‍ രക്ഷപ്പെടുക എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.