പരാതിയുടെ ഉറവിടം അന്വേഷിച്ചുകണ്ടെത്തുമെന്ന് സുപ്രീംകോടതി.
അഡ്മിൻ
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ജീകെതിരെ ജീവനക്കാരിയുടെ ലൈംഗികാരോപണത്തിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉറവിടം അന്വേഷിച്ചുകണ്ടെത്തുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിനെതിരേ നീങ്ങാന്‍ ചിലര്‍ തന്നെ സമീപിച്ചെന്ന് അവകാശപ്പെട്ട അഡ്വ. ഉത്സവ് സിങ് ബെയിന്‍സ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അതി ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഇവ തെറ്റാണെന്നു തെളിഞ്ഞാല്‍ ക്ഷമിക്കില്ലെന്നും കോടതി മുന്നറിയിപ്പു നല്കി.ഇന്ന് കോടതിയില്‍ ഹാജരായ ബെയിന്‍സ് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുടെ പേര് വെളിപ്പെടുത്താന്‍ ആകില്ലെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലവും അദ്ദേഹം സമര്‍പ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അഭിഭാഷകന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് രണ്ട് മണിക്ക് വിധി പറയാനായി മാറ്റി.
ഗോഗോയ്ക്കെതിരെ ആരോപണമുയരുന്നതിന് ദിവസങ്ങള്മുന്പ് അത്തരമൊരു കേസ് തയ്യാറാക്കുന്നതിനും വിവരം മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിനുമായി ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്ത് ഒരാള്‍ എത്തിയെന്നാണ് ഉല്‍സവ് ബെയിന്‍ വെളിപ്പെടുത്തിയത്.
അഡ്വ. ഉത്സവ് സിങ് ബെയിന്‍സിനോട് കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട കോടതി ഇന്നു വീണ്ടും കേസ് പരിഗണിക്കും. ബെയിന്‍സ് അവകാശപ്പെടുന്നതുപോലെ ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അവ തുടരാനനുവദിച്ചാല്‍ കോടതിക്കും ജഡ്ജിമാര്‍ക്കും അതിനെ അതിജീവിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. എറിക്സണ് കമ്ബനിക്കെതിരായ കേസില്‍ അനില്‍ അംബാനിയെ വിളിച്ചുവരുത്താനുള്ള ഉത്തരവില്‍ കൃത്രിമം കാട്ടിയതിന് ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ട രണ്ടുദ്യോഗസ്ഥരുടെ വിഷയവും ബെയിന്‍സിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. മറ്റൊരു ചീഫ് ജസ്റ്റിസും ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടിയെടുത്തിട്ടില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
ഗൊഗൊക്കെതിരെ കോര്‍പ്പറേറ്റ് ശക്തികളുള്‍പ്പെടുന്ന വന്‍ ഗൂഢാലോചന നടന്നെന്ന ബെയിന്‍സിന്റെ സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍മാത്രമാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്.എഫ്. നരിമാന്, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പരിശോധിക്കുന്നത്. മുന്‍ ജീവനക്കാരിയുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് ഇതുമായി ബന്ധമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, ആരോപണമുന്നയിച്ച മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ യുവതിയോട് ഇന്ന് ഹാജരാകാന്‍ അവരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, ഇന്ദിര ബാനര്‍ജി എന്നിവരുള്‍പ്പെട്ട സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയില്‍ നിന്ന് ജഡ്ജിമാര്‍ നേരിട്ട് ചേംബറില്‍ വിശദീകരണം തേടും.
ചീഫ്ജസ്റ്റിസിനെതിരായ ആരോപണം തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം അന്വേഷിക്കണം എന്നും അതില്‍ തീര്‍പ്പാകുന്നതുവരെ രഞ്ജന്‍ ഗൊഗോയ് ചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരും അദ്ധ്യാപകരും പൊതുപ്രവര്‍ത്തകരുമായ 259 വനിതകള്‍ ഒപ്പിട്ട കത്ത് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്ക് നല്കി. പ്രമുഖ വ്യക്തികള്‍ അടങ്ങിയ സ്വതന്ത്ര സമിതി 90 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് തീര്‍പ്പാക്കണം. ലൈംഗികാരോപണം പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചതിനെയും അതില്‍ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് അംഗമായതിനെയും അവര്‍ വിമര്‍ശിച്ചു. കത്തില്‍ ഒപ്പിട്ടവരില്‍ മലയാളി വനിതകളും ഉള്‍പ്പെടുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര് എഫ് നരിമാന്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബെഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാന് . വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കില്‍ സുപ്രീം കോടതി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. മുന്‍വിധിയോടെ അന്വേഷണം പാടില്ലെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ബെഞ്ചില്‍ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബെഞ്ച് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ആര് എഫ് നരിമാന് പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നു എന്നു ചൂണ്ടികാട്ടി അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് നല്കിയ സത്യവാങ്മൂലത്തിലെ ഉള്ളടക്കം അറിയണമെന്ന് ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. അഭിഭാഷകന്റെ കത്ത് പുറത്തു വിടാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര മറുപടി നല്കി.
സുപ്രീംകോടതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ചില ജീവനക്കാരാണ് ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ആരോപണമുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയണമെന്നും അന്വേഷണം നടത്തി അത് കണ്ടെത്തണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന സംബന്ധിച്ച് പുതിയ സത്യവാങ്മൂലം നല്കാന് ഉത്സവ് ബെയിന്‍സിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
വാദത്തിനിടെ അഡ്വക്കേറ്റ് ജനറല്‍ കെ കെ വേണുഗോപാലിനെതിരെ സംസാരിച്ച ഉത്സവ് ബെന്‍സിനെ കോടതി താക്കീത് ചെയ്തു. എല്ലാവരും ബഹുമാനിക്കുന്ന ആളാണ് വേണുഗോപാലെന്നും ഇനി ഒരിക്കല്‍ കൂടി സംസാരിച്ചാല്‍ കോടതി ബെന്‍സിനെ പിടിച്ച് പുറത്താക്കുമെന്നും ജസ്റ്റിസ് നരിമാന് ഉത്സവ് ബെയിന്‍സിനോട് പറഞ്ഞു. പുറത്താക്കണ്ട, സ്വയം പുറത്തുപോകാമെന്ന് ഉത്സവ് ബെന്‍സ് മറുപടി നല്കി. പുറത്തേക്ക് പോകാനൊരുങ്ങിയ അഭിഭാഷകനെ കോടതി തിരിച്ചുവിളിച്ചു. നിങ്ങളൊരു ചെറുപ്പക്കാരനല്ലേ, കാര്യങ്ങള്‍ വൈകാരികമായി എടുക്കരുത്. ജസ്റ്റിസ് നരിമാന് നിങ്ങളെ വലിച്ചെറിയുമെന്നല്ല പറഞ്ഞത്, അദ്ദേഹം ദേഷ്യം പ്രകടിപ്പിച്ചുവെന്നേയുള്ളൂ എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ബെയിന്‍സിനെ സമാധാനിപ്പിച്ചു. ഇതിന് ശേഷമാണ് വിശദമായ സത്യവാങ്മൂലം നല്കാന് ആവശ്യപ്പെട്ടത്.
അതേസമയം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരേ ലൈംഗിക ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതി അന്വേഷണ സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി രംഗത്ത് വന്നു. ജഡ്ജിമാരുടെ മൂന്നംഗ സമിതിക്കെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്.
പരാതിക്കാരിയോട് വെള്ളിയാഴ്ച ഹാജരാകാന്‍ എസ് എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി കത്ത് നല്‍കിയിരിക്കുന്നത്.
അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപവല്‍കരിക്കണം. തന്റെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. പരാതി ഏകപക്ഷീയമായി തള്ളുമോ എന്നതിലാണ് ആശങ്ക. തന്റെ ഭാഗം കേള്‍ക്കാതെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട പ്രത്യേക സിറ്റിങില്‍ സ്വഭാവഹത്യ നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. മുതിര്‍ന്ന ജഡ്ജിമാരും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയടക്കമുള്ളവരും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി.
സമിതിയിലുള്‍പ്പെട്ട ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണ്. അദ്ദേഹം സമിതിയില്‍ ഉള്‍പ്പെട്ടതിലും തനിക്ക് ആശങ്കയുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ ഒറ്റപ്പെടുത്തലും അവഗണനയും താന്‍ നേരിടുന്നതായും പരാതിക്കാരി പറയുന്നു.
25-Apr-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ