പ്രതിപക്ഷ നേതാവ് ആവർത്തിച്ച് കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു: ടിപി രാമകൃഷ്ണൻ

നിയമസഭയിലെ യുഡിഎഫിന്റെ പെരുമാറ്റത്തെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കടുത്ത ഭാഷയിൽ വിമർശിച്ചു. സഭയിൽ യുഡിഎഫ് അത്യന്തം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും, ഒരു വിഷയവും ചർച്ച ചെയ്യാൻ തയ്യാറാകാതെ സഭയെ അലങ്കോലപ്പെടുത്തുകയാണ് അവരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തെരുവ് ചട്ടമ്പികളെപ്പോലെയാണ് അവരുടെ പെരുമാറ്റമെന്നും, സ്പീക്കർക്ക് നേരെയുണ്ടായ കടന്നാക്രമണ ശ്രമങ്ങൾ അതിന്റെ ഉദാഹരണമാണെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് ആവർത്തിച്ച് അസത്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പൂർണമായി അംഗീകരിച്ചുള്ള നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും, അവരുടെ പ്രവർത്തനത്തിൽ കോടതി സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ടെന്നും, തെറ്റ് ചെയ്തവരെ ഒരുവിധേനയും സംരക്ഷിക്കില്ലെന്നും ടി.പി. രാമകൃഷ്ണൻ ആവർത്തിച്ചു.

05-Feb-2026