ഇന്ത്യ - യുഎസ് വ്യാപാരകരാറിൽ വ്യക്തത വരുത്താതെ പ്രധാനമന്ത്രി

ഇന്ത്യ - യുഎസ് വ്യാപാരകരാറിൽ വ്യക്തത വരുത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കരാർ യുവാക്കള്‍ക്കും മധ്യവര്‍ഗത്തിനുമടക്കം എല്ലാ വിഭാഗം ജനങ്ങൾക്കും നേട്ടമാകുമെന്നും ലോക വിപണിയാണ് ഇന്ത്യക്ക് മുന്നില്‍ തുറക്കുന്നതെന്നും പറഞ്ഞ മോദി മറ്റ് വിശദാംശങ്ങൾ ഒന്നും പങ്കുവെച്ചില്ല.

ഒരു വികസിത രാജ്യം ഒരു വികസ്വര രാജ്യത്തോട് കരാറുണ്ടാക്കുക എന്നത് വലിയ സംഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇന്ത്യ താരിഫ് പൂജ്യമാക്കുമെന്ന അമേരിക്കൻ പ്രസ്താവനയിലടക്കം മോദി മറുപടി നൽകിയില്ല.

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകുമ്പോഴാണ് പ്രധാനമന്ത്രി പേരിന് മാത്രം കരാറിനെ പരാമർശിച്ചുപോയത്. കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രസർക്കാർ ഇതുവരെ കൃത്യമായ ഒരു വിശദീകരണം നൽകിയിരുന്നില്ല. വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി, താരിഫ്, അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങൽ തുടങ്ങി നിരവധി വിവാദവ്യവസ്ഥകളാണ് കരാറിൽ ഉണ്ടായിരുന്നത്. ഇവയൊന്നിൽ പോലും പ്രധാനമന്ത്രി വ്യക്തത വരുത്തിയില്ല.

06-Feb-2026