കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമാകാനും രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലകളുണ്ടാവും സാധ്യതയുണ്ട്‌.   കടലിൽ മീൻ പിടിക്കാൻ പോയവരോട് തിരികെ വരാൻ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു. 

ചുഴലിക്കാറ്റ്‌  കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ കനത്തമഴയും പെയ്യാം.ന്യുനമർദ്ദം  ചുഴലിക്കാറ്റായിമാറിയാൽ  ‘ഫാനി’ എന്ന് വിളിക്കും. 

നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട്  തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.  കടൽ  പ്രക്ഷുബ്ദമോ  അതി പ്രക്ഷുബ്ദമോ  ആകാൻ  സാധ്യതയുള്ളതിനാൽ ആഴ കടലിൽ  മത്സ്യബന്ധനത്തിൽ  ഏർപ്പെട്ടിരിക്കുന്നവർ 26 ന് അതിരാവിലെ 12 മണിക്ക് മുമ്പ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിർദ്ദേശം.  

ഇന്ത്യൻ മഹാ സമുദ്രത്തിന്‍റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കടൽക്ഷോഭത്തിന് കാണമാകുന്നത്‌. ന്യൂനമർദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30-‐40 കിലോമീറ്റർ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80‐-90 കിലോമീറ്റർ വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 40‐-50 കിലോമീറ്റർ വേഗത്തിലാകും. 30-ന് ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

കടൽ പ്രക്ഷുബ്‌ദമാകാനും ചുഴലിക്കാറ്ററിന്നും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തിരിച്ചെത്തണമെന്ന്‌ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയും  മുഖ്യമന്ത്രിയുടെ ഓഫീസും ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് ആരും കടലിൽ പോകുന്നില്ല എന്ന് ഉറപ്പ് വരുത്താനും ആവശ്യപ്പെട്ടു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മത്സ്യതൊഴിലാളികൾക്കുള്ള  പുതിയ ജാഗ്രത മുന്നറിയിപ്പിനെ തുടർന്നാണ്‌ നിർദ്ദേശം.  മത്സ്യതൊഴിലാളികൾ 26 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ്‌ അറിയിപ്പ്‌.

ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26ന്‌ അതിരാവിലെ തന്നെ ഏറ്റവും അടുത്തുള്ള തീരത്തു എത്തണമെന്ന് കർശനമായി നിർദേശിച്ചു.

മത്സ്യതൊഴിലാളി മേഖലകളിലെ പള്ളികൾ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, മറ്റ് പൊതു സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മുന്നറിയിപ്പ് വിളിച്ചു പറയാനും മത്സ്യ തൊഴിലാളികളിലേക്ക് എത്തിക്കുവാനും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് വിവരം കൈമാറാനും മുഴുവൻ സംവിധാനങ്ങളുടെയും വ്യക്തികളുടെയും പ്രസ്ഥാനനങ്ങളുടെയും സഹകരണവും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി  അഭ്യർത്ഥിച്ചു. 

25-Apr-2019