സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സി.പി.ഐ.എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപിന്തുണ ലഭിക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാ മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണെന്നും, വികസനത്തുടർച്ചയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ കേരളത്തെ ഏത് മേഖലയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒന്നാം സ്ഥാനത്തെത്തിച്ചതെന്നുമാണ് അദ്ദേഹം പരിഹസിച്ചത്.
ജാഥയ്ക്ക് ലഭിക്കുന്ന ജനപിന്തുണ സർക്കാരിന്റെ ജനകീയ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. വികസന വിഷയങ്ങളിൽ സംസാരിക്കാൻ ഭയക്കുന്ന വി.ഡി. സതീശൻ കള്ളം പറയലാണ് തന്റെ പ്രധാന പ്രവർത്തനമാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറിനും ജമാഅത്തെ ഇസ്‌ലാമിക്കും വർഗീയ നിലപാടുകളില്ലെന്നാണ് വി.ഡി. സതീശൻ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, വർഗീയ ശക്തികളോടുള്ള കോൺഗ്രസിന്റെ മൃദുസമീപനത്തിൽ ഹൈക്കമാൻഡ് വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മറ്റത്തൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കോൺഗ്രസ്–ബി.ജെ.പി അന്തർധാര ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. വർഗീയതയെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്തയുടെ പ്രമേയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ മുസ്ലിം ലീഗ് ഇനിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ എൻ.എം. രാജു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും, ഈ പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. പൊതുപ്രവർത്തകരെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത് ഗൗരവകരമാണെന്നും സമഗ്ര അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തുടർച്ച ഉണ്ടാകുന്ന പക്ഷം ‘പാവപ്പെട്ടവർ’ എന്ന പ്രയോഗം തന്നെ ആവശ്യമില്ലാത്ത വിധം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നും, കേരളത്തെ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പമെത്തിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും അപാകതകൾ ഉണ്ടായാൽ അവ കൃത്യമായി പരിശോധിക്കുമെന്നും, ഉൾക്കൊള്ളേണ്ട വിമർശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.