കേരളത്തിന്റെ കാർഷിക മേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ നടത്തുന്നത് ആസൂത്രിത നീക്കം
അഡ്മിൻ
കേരളത്തിന്റെ കാർഷിക മേഖലയെ തകർക്കാൻ മോദി സർക്കാർ ആസൂത്രിതമായ ഗൂഢനീക്കമാണ് നടത്തുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് ആരോപിച്ചു. നെല്ല് സംഭരണ കുടിശിക ഇനത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് നൽകാനുള്ളത് 1300 കോടി രൂപയാണെന്നും, ഇതിന് പുറമേ സംസ്ഥാന സർക്കാർ കർഷകർക്ക് നൽകുന്ന അധിക ബോണസ് അവസാനിപ്പിക്കണമെന്ന ആവശ്യവും കേന്ദ്രം ഉന്നയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കർഷകർക്ക് നെല്ലിന് ഏറ്റവും ഉയർന്ന വില ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്നും, കേന്ദ്രം നിശ്ചയിക്കുന്ന തുകയ്ക്ക് പുറമേ എൽ.ഡി.എഫ് സർക്കാർ അധിക ബോണസും നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബജറ്റിൽ ഈ തുക വർധിപ്പിച്ചെങ്കിലും, കേന്ദ്രം നൽകേണ്ട കുടിശിക ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ കർഷകർക്ക് പണം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കർഷക സൗഹൃദ നയങ്ങൾ തകർക്കാനും കാർഷിക മേഖലയെ ദുർബലപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ കുടിശിക തടഞ്ഞുവെക്കുന്നതെന്ന് പി. പ്രസാദ് കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കുന്ന കർഷകവിരുദ്ധ നിലപാടാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്നും, കേന്ദ്രത്തിന്റെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും കർഷകരെ ചേർത്തുനിർത്തി മുന്നോട്ടുപോകുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.