പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ വിലക്കുമായി കേന്ദ്രം

പി എം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. പി എം കെയേഴ്‌സ് ഫണ്ട്, പി എം നാഷണൽ റിലീഫ് ഫണ്ട്, നാഷണൽ ഡിഫൻസ് ഫണ്ട് എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ അനുവദിക്കരുതെന്ന നിർദേശം പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയേറ്റിന് നൽകി.

ജനുവരി 30നാണ് ഇത്തരമൊരു നിർദേശം കേന്ദ്ര സർക്കാർ ലോക്സഭാ സെക്രട്ടേറിയേറ്റിന് നൽകിയത്. ലോക്സഭാ ചട്ടങ്ങളിലെ വകുപ്പ് 41(2)(viii), 41(2)(xvii) എന്നിവ പ്രകാരമാണ് മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാനാകില്ലെന്ന് അറിയിച്ചത്. രാജ്യത്തിന്റെ സഞ്ചിത നിധിയിൽ നിന്നുള്ള തുക ഈ ഫണ്ടുകളിൽ ഉൾപ്പെടുന്നില്ലെന്നും, വ്യക്തികളും സംഘടനകളും നൽകുന്ന സംഭാവനകളാണ് പി എം കെയേഴ്‌സ് ഫണ്ടിന്റെ വരുമാനമെന്നുമാണ് വിലക്കിന് കാരണം എന്ന നിലയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്.

ഇതോടെ പി എം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് പാർലമെന്റിലൂടെ വിവരങ്ങൾ തേടാനുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. പി എം കെയേഴ്‌സ് ഫണ്ടിനെ എഫ്‌സിആർഎയുടെ വ്യവസ്ഥകളിൽ നിന്നും, സിഎജി ഓഡിറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭ്യമാക്കാനും സാധ്യമല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ലോക്സഭയിലെ ചോദ്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിക്കാലത്ത് 2020 മാർച്ച് 28നാണ് പി എം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്. പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ ഫണ്ട് ദുരന്തസമയങ്ങളിലും പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളിലും സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്‌സ്-ഓഫിഷ്യോ ചെയർമാൻ.

 
 

09-Feb-2026