കർണാടകയിൽ സിദ്ധരാമയ്യയുമായുള്ള യോഗം ഒഴിവാക്കി ഡി കെ ശിവകുമാർ
അഡ്മിൻ
ഒരു ഇടവേളയ്ക്ക് ശേഷം കർണാടകയിൽ വീണ്ടും മുഖ്യമന്ത്രിക്കസേര യുദ്ധം ആരംഭിക്കുന്നുവെന്ന് സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ-ബജറ്റ് യോഗത്തിന് നിൽക്കാതെ ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ ഡൽഹിക്ക് പോകുന്നതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായത്.
ശിവകുമാറിന്റെ ജലവിതരണ വകുപ്പിന്റെയും, ബെംഗളൂരു അർബൻ ഡെവലപ്മെന്റ് വകുപ്പിന്റെയും യോഗമാണ് സിദ്ധരാമയ്യ വിളിച്ചത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ശിവകുമാർ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു.
ഇന്ന് രാവിലെയാണ് ശിവകുമാർ ഡൽഹിക്ക് പോയത് . വകുപ്പുകളുടെ പ്രവർത്തനം നല്ലനിലയിലാണ് പോകുന്നതെന്നും തന്റെ സാന്നിധ്യം ആവശ്യമില്ല എന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. എന്നാൽ കോൺഗ്രസ് നേതാക്കളെയടക്കം കാണാനാണ് ശിവകുമാർ ഡൽഹിയിലേക്ക് പോകുന്നത്.
കേന്ദ്രമന്ത്രിമാർ, പാർട്ടിയുടെ ലീഗൽ ടീം, കോൺഗ്രസ് നേതാക്കൾ, ഹൈക്കമാൻഡ് എന്നിവരെയെല്ലാം ശിവകുമാർ കാണും. തന്റെ വേദനകൾ പാർട്ടി നേതാക്കളുമായി പങ്കുവെക്കും എന്ന് ശിവകുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് അധികാരയുദ്ധം വീണ്ടും ആരംഭിക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്.