തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നു

ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നു. സംസ്ഥാനത്ത് ശക്തമായ കടലാക്രമണമുണ്ടായേക്കാമെന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ക്കാരുടേയും ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗത്തില്‍ ധാരണമായി.

ചീമേനി തുറന്ന ജയിലില്‍ കഴിയുന്ന എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള നാല് തടവുകാരെ വിട്ടയക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജയില്‍ ഉപദേശക സമിതി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നാലുപേരെയും വിട്ടയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ മാത്രമേ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പെരുമാറ്റച്ചട്ടത്തില്‍ ഇളവ് ലഭിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

രണ്ട് ദിവസമായി തുടരുന്ന കനത്ത കടല്‍ക്ഷോഭത്തില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളിലുണ്ടായത്. തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നുള്ള ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ റേഷന്‍ തീരദേശത്ത് മുഴുവന്‍ നല്‍കാനുള്ള തീരുമാനമെടുത്തത്. ഇതിനോടകം 19 കുടുംബങ്ങളിലെ 69 പേരെ ദുരിതാശ്വാസ ക്യാപുകളിലേക്കു മാറ്റിയെന്നാണു സര്‍ക്കാര്‍ കണക്ക്. ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങിയ കടലാക്രമണം ഇന്നലേയും രൂക്ഷമായിരുന്നു.

 

26-Apr-2019