കേരളത്തിലെ വൈദ്യുതി നിരക്ക് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണെന്ന് വൈദ്യുതി മന്ത്രി

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വൈദ്യുതി നിരക്ക് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ബാംഗ്ലൂരിലെയും (BESCOM) കേരളത്തിലെയും (KSEB) 239 യൂണിറ്റ് പ്രതിമാസ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കളുടെ ബില്ലുകൾ താരതമ്യം ചെയ്താൽ നമ്മുടെ സംസ്ഥാനം നൽകുന്ന വലിയ ആനുകൂല്യം വ്യക്തമാകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാകുന്നു.

ബാംഗ്ലൂരിൽ 239 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഉപഭോക്താവ് നൽകേണ്ടി വരുന്നത് 2,415 രൂപയാണ്. അവിടെ എനർജി ചാർജിന് പുറമെ ഏകദേശം 725 രൂപയോളം ഫിക്സഡ് ചാർജായി മാത്രം ഈടാക്കുന്നു. ഇതിനുപുറമെ ഓരോ യൂണിറ്റിനും 39 പൈസ നിരക്കിൽ ഫ്യുവൽ അഡ്ജസ്റ്റ്‌മെന്റ് ചാർജും (Rs. 93.21/-), എനർജി ചാർജിന്റെ 9 ശതമാനം നികുതിയും (Rs. 124.76/-) ചേരുമ്പോൾ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയാണുള്ളത്. കർണാടകയിൽ ഇന്ധന സർചാർജ് ഓരോ മാസവും മാറിക്കൊണ്ടിരിക്കുമെന്നും ചിലപ്പോൾ ഇത് യൂണിറ്റിന് 1.15 രൂപ വരെ ഉയരാറുണ്ടെന്നതും ശ്രദ്ധേയമാണ്.

എന്നാൽ കേരളത്തിൽ ഇതേ 239 യൂണിറ്റിന് കെ.എസ്.ഇ.ബി ബിൽ കാൽക്കുലേറ്റർ പ്രകാരം വെറും 1,723 രൂപ മാത്രമാണ് ആകെ വരുന്നത്. അതായത് ബാംഗ്ലൂരിലേതിനേക്കാൾ 692 രൂപ കുറവ്! കേരളത്തിൽ 235 രൂപ മാത്രമാണ് ഫിക്സഡ് ചാർജ് ഇനത്തിൽ വരുന്നത്. മീറ്റർ വാടകയായി വെറും 15 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ (ഉപഭോക്താവ് സ്വന്തമായി മീറ്റർ വാങ്ങുകയാണെങ്കിൽ ഈ തുക നൽകേണ്ടതുമില്ല). വൈദ്യുതി ഡ്യൂട്ടി എനർജി ചാർജിന്റെ 10 ശതമാനമാണ്.

കേരളത്തിലെ ഏറ്റവും വലിയ പ്രത്യേകത, 2026 ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് പ്രതിമാസ ബില്ലുകളിൽ ഇന്ധന സർചാർജ് (Fuel Surcharge) പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് എന്നതാണ്.

കര്‍ണാടകത്തില്‍ ഓരോ യൂണിറ്റിനും 39 പൈസ മുതൽ 1.15 രൂപ വരെ അധിക ചാർജ് നൽകുമ്പോൾ, കേരളത്തിൽ സർചാർജ് ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാതെ സർക്കാർ വലിയ ആശ്വാസമാണ് നൽകുന്നത്. ഫിക്സഡ് ചാർജിലെ വൻ കുറവും സ്ലാബ് അടിസ്ഥാനത്തിലുള്ള നിരക്കുകളും കേരളത്തിലെ ഇടത്തരക്കാർക്ക് വലിയ തുണയാകുന്നുവെന്നും മന്ത്രി കുറിപ്പിലൂടെ വ്യക്തമാകുന്നു.

11-Feb-2026