കേന്ദ്രത്തിന്റെ സോഷ്യൽ മീഡിയ നിയന്ത്രണം; സ്വതന്ത്രമായ ആവിഷ്കാരത്തെ മരവിപ്പിക്കും : എ എ റഹീം

സർക്കാർ ഉത്തരവ് ലഭിച്ചാൽ സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി രംഗത്ത്. വിഷയം സഭയിലെ മറ്റു എല്ലാ നടപടികളും നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചട്ടം 267 പ്രകാരം ചെയർമാന് നോട്ടീസ് നൽകി.

പുതിയ ചട്ടം ജനാധിപത്യ വിരുദ്ധവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് എംപി ആരോപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള സമയപരിധി നിലവിലെ 36 മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കിയിരിക്കുകയാണ്. ഇത്രയും കർശനമായ സമയപരിധി സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളെ അർത്ഥവത്തായ നിയമപരിശോധന കൂടാതെ യാന്ത്രികമായി ഉള്ളടക്കം നീക്കം ചെയ്യാൻ നിർബന്ധിതരാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് നിയമപരമായ പരിഹാര മാർഗങ്ങൾ ഇല്ലാതാക്കുകയും സ്വതന്ത്രമായ ആവിഷ്കാരത്തെ മരവിപ്പിക്കാനും ഇടയാക്കുമെന്നും എംപി നോട്ടീസിൽ വ്യക്തമാക്കി. “നിയമവിരുദ്ധമായ ഉള്ളടക്കം” എന്താണെന്ന് വ്യക്തമായി നിർവചിക്കാത്തത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലാതെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ഭരണഘടനാ സംരക്ഷണങ്ങളെ ദുർബലപ്പെടുത്തുമെന്നും എ.എ. റഹീം വിമർശിച്ചു. മാധ്യമപ്രവർത്തകർ, രാഷ്ട്രീയ വിമർശകർ, സാമൂഹ്യ പ്രവർത്തകർ, സാധാരണ പൗരന്മാർ എന്നിവരാണ് ഇന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് വിയോജിപ്പുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ പുതിയ നീക്കം കൂടുതൽ ചർച്ചയും സമഗ്രമായ പഠനവും ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

11-Feb-2026