ഇടതുപക്ഷത്തിന് പതിനെട്ട് സീറ്റുകളുടെ ഉജ്ജ്വല വിജയമെന്ന് കോടിയേരി.

സംസ്ഥാനത്ത് പതിനെട്ട് ലോകസഭാ സീറ്റുകള്‍ വിജയിക്കുമെന്നും കേരളത്തിൽ ഇടതുതരംഗം അലയടിച്ചുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം എ കെ ജി സെന്ററില്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇരുപത് ലോകസഭാ മണ്ഡലങ്ങളില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ സൂക്ഷ്മതലത്തില്‍ പരിശോധിച്ചാണ് കേരളത്തില്‍ എല്‍ ഡി എഫ് വന്‍ ഭൂരിപക്ഷം നേടുമെന്ന് വിലയിരുത്തിയത്.

2004ന് സമാനമായ ട്രെന്‍ഡ് ആണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ഉണ്ടായതെന്നും ഇടതുമുന്നണി 18ലേറെ സീറ്റ് നേടുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ പ്രക്യക്ഷമായും മറ്റ് മണ്ഡലങ്ങളില്‍ പരോക്ഷമായും ബി ജെ പിയും യു ഡി എഫും തമ്മില്‍ വോട്ട് കച്ചവടം നടന്നുവെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ എല്‍ ഡി എഫിന് സാധിചത്ചത് വലിയനേട്ടമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

എല്‍ ഡി എഫ് ഒരിക്കലും ശബരിമലയിസെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യരുത് എന്ന നിലപാട് എടുത്തിട്ടില്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്താല്‍ അതില്‍ എല്‍ ഡി എഫിന് പ്രതികൂലമായി വരുന്ന ഒരു ഘടകവും ഇല്ലെന്ന ഉറപ്പ് ഇടതുപക്ഷത്തിനുണ്ടായിരുന്നു. കോടിയേരി വ്യക്തമാക്കി.

ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടില്‍ ധ്രുവീകരണം ഉണ്ടായിട്ടില്ല. അതേ സമയം ബി ജെ പിയുടെ വോട്ട് ഷെയര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന് ഒരിക്കലും വോട്ട് ചെയ്യാത്ത ഒരു വിഭാഗം ആള്‍ക്കാര്‍ കേരളത്തിലുണ്ട്. അവര്‍ അടക്കം ഇത്തവണ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തു എന്നത് പ്രത്യേകം കാണേണ്ടതുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിന്റെ രാഷ്ട്രീയ നേട്ടം വയനാട്ടില്‍ മാത്രമേ യു ഡി എഫിന് ലഭ്യമായിട്ടുള്ളു. മറ്റ് മണ്ഡലങ്ങളില്‍ രാഹുല്‍ ഫാക്ടര്‍ ഉണ്ടായില്ല.

ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എന്‍എസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത്. മത ന്യൂനപക്ഷങ്ങള്‍ ഇടത് മുന്നണിക്കനുകൂലമായാണ് ഏകീകരിച്ചത്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അത് മതേതര നിലപാടിനുള്ള സ്വീകാര്യതയാണെന്നും കോടിയേരി പറഞ്ഞു.

ഇരുപത് ലോകസഭാ മണ്ഡലം കമ്മറ്റികളില്‍ നിന്ന് ലഭിച്ച തെരുഞ്ഞെടുപ്പ് കണക്കുകള്‍ വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി.

 

26-Apr-2019