ബിജെപിയുടെ തൊഴിലാളികളെപ്പോലെ പെരുമാറരുത്; മാധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധി
അഡ്മിൻ
തനിക്കെതിരെയുള്ള അവകാശലംഘന നോട്ടീസിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ എല്ലായ്പ്പോഴും നിഷ്പക്ഷത പാലിക്കണമെന്നും ഭരണകക്ഷിയായ ബിജെപിയുടെ തൊഴിലാളികളെപ്പോലെ പെരുമാറരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വസ്തുതാപരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം സര്‍ക്കാരിന്റെ വാക്കുകള്‍ അതേപടി ഏറ്റുപിടിച്ച് ഷോകള്‍ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്നും, സമൂഹത്തോട് വലിയ ഉത്തരവാദിത്തമുള്ളവരാണ് മാധ്യമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റ് ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ശക്തമായ വാഗ്വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ കേന്ദ്രസര്‍ക്കാര്‍ ഭാരതമാതാവിനെ വിറ്റു എന്ന രാഹുലിന്റെ ആരോപണമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഊര്‍ജ്ജസുരക്ഷ അടിയറവ് വെച്ചും കര്‍ഷക താല്‍പ്പര്യങ്ങള്‍ ബലികഴിച്ചും നടത്തിയ ഈ കരാര്‍ ഇന്ത്യയുടെ പൂര്‍ണ്ണമായ കീഴടങ്ങലാണെന്ന് അദ്ദേഹം സഭയില്‍ ആരോപിച്ചിരുന്നു. ഇന്ത്യ ബ്ലോക്ക് ഭരണത്തിലായിരുന്നെങ്കില്‍ ട്രംപിനോട് തുല്യമായ പരിഗണന ആവശ്യപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.