രാഹുലിന്റെ ഭൂരിപക്ഷം നന്നായി കുറയുമെന്ന കണക്ക് പുറത്തുവന്നതോടുകൂടി യു ഡി എഫ് ക്യാമ്പ് ആകെ അങ്കലാപ്പിലായി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള വഴിയെന്നുള്ള നിലയിലാണ് എല്‍ ഡി എഫിനെതിരെ കള്ളവോട്ട് ആരോപണവുമായി യു ഡി എഫ് വിവാദമുണ്ടാക്കുന്നത്. ചില ദൃശ്യ മാധ്യമങ്ങളെ വിലക്കെടുത്ത് ഈ വിവാദം ഒരുക്കിയിരിക്കുന്നത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുലിന്റെ ഭൂരിപക്ഷം നന്നേ കുറയുമെന്നുള്ളതുകൊണ്ടാണ്.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ലോകസഭാ മണ്ഡലമായ വയനാട്, കര്‍ണാടകയിലെ മൈസൂര്‍, ചാമരാജ നഗര്‍ തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ലോകസഭാ മണ്ഡലമാണ്. അതിനാല്‍ തന്നെ എ ഐ സി സി അധ്യക്ഷന്റെ വീഴ്ച മൂന്ന് സംസ്ഥാനങ്ങളില്‍ വലിയ ചര്‍ച്ചയായി മാറും. ഇത്തരത്തിലുള്ളൊരു പതനം രാഹുല്‍ഗാന്ധിക്ക് വന്നത് എല്‍ ഡി എഫ് കള്ളവോട്ടുകള്‍ ചെയ്താണ് എന്ന സമവാക്യം ഉണ്ടാക്കുവാന്‍ വേണ്ടിയാണ് ചില ദൃശ്യമാധ്യമങ്ങളുടെയും പത്രങ്ങളുടെയും സഹായത്തോടെ കള്ളവോട്ട് വിവാദം പടര്‍ത്തിവിടുന്നത്.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളാണ് വയനാട് ലോകസഭാ മണ്ഡലത്തിലുള്ളത്. വയനാട്ടില്‍ യു ഡി എഫ് എം പി യായിരിക്കുമ്പോള്‍ മരണമടഞ്ഞ എം ഐ ഷാനവാസ് 2014ല്‍ നേടിയ വോട്ട് ശതമാനം ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് നേടാന്‍ സാധിക്കില്ലെന്നാണ് സൂചനകള്‍.
2014ലെ തെരഞ്ഞെടുപ്പില്‍ 73.26 ശതമാനം പോളിംഗ് ആണ് വയനാട്ടില്‍ ഉണ്ടായിരുന്നത്. അന്ന് 41.69 ശതമാനം വോട്ട് നേടിയാണ് ഷാനവാസ് വിജയിച്ചത്. 20870 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഷാനവാസിന്റെ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് ലഭിച്ചില്ലെങ്കില്‍ തോല്‍വിക്ക് തുല്യമായ വിജയമായിരിക്കും എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ 80.31 ശതമാനം വോട്ട് വയനാട്ടില്‍ നിന്ന് പോള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും തോറ്റുജയിച്ചു എന്ന ഖ്യാതിയുമായി രാഹുല്‍ഗാന്ധി കേരളത്തില്‍ നിന്നും പോയാല്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വം പ്രശ്‌നം ഗൗരവപരമായി ചര്‍ച്ച ചെയ്യും. ആ സമയത്ത് കേരളത്തിലെ നേതാക്കള്‍ക്ക് കള്ളവോട്ടിന്റെ കാര്യം പറഞ്ഞ് തടിതപ്പാനുള്ള അവസരമാണ് കള്ളവോട്ട് വിവാദത്തിലൂടെ മാധ്യമങ്ങള്‍ ഒരുക്കി കൊടുക്കുന്നത്. കള്ളവോട്ട് വാര്‍ത്ത പെയ്ഡ് ന്യൂസാണെന്ന ആരോപണത്തിന് വിവാദമുണ്ടാക്കിയ മാധ്യമങ്ങള്‍ മറുപടി പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.