രണ്ട് സീറ്റില്‍ ജയിക്കുന്നത് കുമ്മനവും കുഞ്ഞാലിക്കുട്ടിയുമോ ?

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പതിനെട്ട് ലോകസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷം വിജയിക്കുമെന്ന് പറഞ്ഞതോടെ ബാക്കിയുള്ള രണ്ട് സീറ്റുകള്‍ മലപ്പുറവും വയനാടുമായിരിക്കുമെന്നാണ് യു ഡി എഫ് നേതൃത്വം വിലയിരുത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കണക്കില്‍ എല്‍ ഡി എഫ് തോല്‍ക്കുന്ന രണ്ട് സീറ്റുകള്‍ മലപ്പുറവും തിരുവനന്തപുരവുമെന്ന് സൂചനകള്‍.

ഇടതുപക്ഷത്തെ തോല്‍പ്പിക്കാനും വിശ്വാസികള്‍ക്കൊപ്പമെന്ന് തങ്ങള്‍ കൂടി ഉയര്‍ത്തിയ മുദ്രാവാക്യം ശരിയാണെന്ന് സ്ഥാപിക്കാനും കോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗം ബി ജെ പിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വോട്ട് മറിച്ചെന്ന് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ നേതൃത്വത്തില്‍ ചിലര്‍ രഹസ്യമായി സമ്മതിക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് കരുതുന്നത്.

വയനാട്ടില്‍ മത്സരിച്ച എ ഐ സി സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്ന് യു ഡി എഫിന്റെ വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ സ്തംഭിപ്പിച്ചിരിക്കയാണ്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട് ഡി സി സി നേതൃത്വത്തെ കോഴിക്കോട് വിളിച്ചുവരുത്തി അടിയന്തര ചര്‍ച്ച നടത്തിയത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുല്ലപ്പള്ളിയുടെ ശരീരഭാഷ പരാജിതന്റേതായിരുന്നു.

വയനാട്ടില്‍ നിന്ന് രാഹുല്‍ഗാന്ധി തോല്‍ക്കുകയോ, വല്ലാത്ത നിലയില്‍ ഭൂരിപക്ഷം കുറയുകയോ ചെയ്യുമ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്താവുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ കെ പി സി സി പ്രസിഡന്റ് ആക്കുവാനുള്ള നീക്കവുമായി എ ഗ്രൂപ്പ് ഉപശാലകള്‍ മുന്നോട്ടുപോകാന്‍ തുടങ്ങി കഴിഞ്ഞു.

29-Apr-2019