എല്ലാ വിഭാഗം ആളുകളും ഇന്ത്യയിൽ സുരക്ഷിതരാണെന്ന് പൊതുവായി പറയാൻ കഴിയില്ല: ടി.പി. രാമകൃഷ്ണൻ
അഡ്മിൻ
ഇന്ത്യയിൽ മുസ്ലിംകൾ സുരക്ഷിതരാണെന്ന കാന്തപുരം നടത്തിയ പ്രസ്താവനയെക്കുറിച്ച് ഉടൻ പ്രതികരിക്കാനില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകുഷ്ണൻ വ്യക്തമാക്കി. വിഷയത്തിന് ഏറെ വിവാദ സ്വഭാവമുണ്ടെന്നും, എൽഡിഎഫിലും ബന്ധപ്പെട്ട പാർട്ടിയിലും വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷമേ ഔദ്യോഗിക നിലപാട് അറിയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങൾ സുരക്ഷിതരാണെന്ന പൊതുവായ അഭിപ്രായം തനിക്കില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. കേരളത്തിൽ എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണമുണ്ടെങ്കിലും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വസ്ത്രം, ഭക്ഷണം, ഭാഷ തുടങ്ങിയ കാരണങ്ങളാൽ ആളുകളെ വേർതിരിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മതാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി പോലുള്ള വിഷയങ്ങൾ ഇന്നും വിവാദമായി തുടരുന്നുണ്ടെന്നും, അതിനാൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ സുരക്ഷിതരാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. നിലവിൽ മുന്നണി പൊതുവായ രാഷ്ട്രീയ നിലപാടുകളെ ആസ്പദമാക്കി പ്രവർത്തിക്കുകയാണെന്നും, അതിന്റെ ഭാഗമായി മൂന്ന് മേഖലാ ജാഥകൾ സംഘടിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് സമയങ്ങളിൽ പാർട്ടികളിൽ ആളുകൾ വരുന്നതും പോകുന്നതും സാധാരണ രാഷ്ട്രീയ സംഭവവികാസങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.