ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മസൂദ് അസ്ഹര്‍ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്.

മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിർത്ത ചൈന ഇത്തവണ എതിർവാദങ്ങൾ ഉന്നയിച്ചില്ല. മസൂദിന്റെ കാര്യത്തിൽ നിലപാടു മാറ്റുന്നതിന് ഇന്ത്യയ്ക്കു പുറമേ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങളും ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. അതിനാലാണ് ഇത്തവണ ഇന്ത്യൻ ദൗത്യം വിജയിച്ചത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിന്റെ സ്വത്തുക്കൾ മരവിപ്പിക്കും. ലഷ്കറെ തയ്ബ ഭീകരൻ ഹാഫിസ് സയീദിനെതിരെയാണ് ഇതിനു മുൻപു സമാനമായ നടപടികൾ യുഎന്‍ സ്വീകരിച്ചിട്ടുള്ളത്.

01-May-2019