ഇന്ത്യയിൽ എല്ലാവരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴുകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല: ശശി തരൂർ
അഡ്മിൻ
വന്ദേ മാതരം അടിച്ചേൽപ്പിക്കരുതെന്നും ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ത്യയിൽ എല്ലാവരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴുകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല.
വന്ദേമാതരം പാടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മതപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ പാടാതിരിക്കാനും സ്വാതന്ത്ര്യം വേണം. ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം വന്ദേ മാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരം സ്വാതന്ത്ര്യസമരകാലത്ത് വിപ്ലവകാരികൾക്ക് വലിയ ആവേശം നൽകിയ ഗാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ പിൽക്കാലത്ത് ഇത് വിവാദങ്ങൾക്ക് കാരണമായി. എല്ലാവരെയും ഉൾക്കൊള്ളുകയെന്ന ലക്ഷ്യത്തിലാണ് ഭരണഘടനാ നിർമ്മാണ സഭ ജനഗണമനയെ ദേശീയ ഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായും അംഗീകരിച്ചത്.
ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതും ഏറ്റുപാടാത്തതും ദേശസ്നേഹം ഇല്ലാത്തത് കൊണ്ടല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ മാതൃക വന്ദേ മാതരത്തിൻ്റെ കാര്യത്തിലും പിന്തുടരണമെന്നും അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെടുന്നു.