യുഎസ് ഭീഷണിക്കു മുന്നിൽ ഇന്ത്യ വഴങ്ങി; ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തുന്നു
അഡ്മിൻ
അമേരിക്കയുടെ ഉപരോധ ഭീഷണിക്കു മുന്നിൽ വഴങ്ങി ഇന്ത്യ ഇറാനിൽ നിന്നുമുള്ള ഇന്ധന ഇറക്കുമതി വ്യാഴാഴ്ചയോടെ നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇറാന്‍. ഇറാനിൽ നിന്നുമുള്ള ഇറക്കുമതി പൂർണ്ണമായും നിർത്തുന്നതോടെ ഇന്ത്യയിലെ പെട്രോൾ ഡീസൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇന്ത്യക്ക് പുറമെ ചൈനയും തുര്‍ക്കിയുമാണ് ഇറാനില്‍ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രമുഖ രാജ്യങ്ങള്‍. എന്നാല്‍ ഇറാനുമായുള്ള എണ്ണ വ്യാപാരം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയതോടെയാണ് അമേരിക്ക ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ ഇറാനുമായുളള എല്ലാ വ്യാപാരങ്ങളില്‍ നിന്നും പിന്മാറാന്‍ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാനിൽ നിന്നുമുള്ള ഇറക്കുമതി പൂർണ്ണമായും അവസാനിപ്പിച്ചാൽ അത് ആഭ്യന്തര വിപണിയിൽ എണ്ണയുടെ വില കുതിച്ചുയരാൻ കാരണമാകും എന്ന് ചൂണ്ടിക്കാട്ടി അന്ന് ഇന്ത്യ ഇതൊനോട് സഹകരിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് മറ്റു വഴികൾ കണ്ടെത്താൻ അമേരിക്ക ഇളവ് അനുവദിച്ചിരുന്നു
ഇതിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇറാനിൽ നിന്നുമുള്ള ഇറക്കുമതി പൂർണ്ണമായും നിർത്തുന്നത്. കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഫോണില്‍ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറക്കുമതി നിര്‍ത്തിയാല്‍ ഇന്ത്യയില്‍ വിലവര്‍ധനവുണ്ടാകുമെന്ന ആശങ്ക വിദേശകാര്യ മന്ത്രാലയം അമേരിക്കയെ അറിയിച്ചുവെന്നാണ് വിവരം.