ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുന്നൂ; എട്ട് ലക്ഷം പേരെ ഒഴിപ്പിക്കുന്നു
അഡ്മിൻ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഫോനി ചുഴലിക്കൊടുങ്കാറ്റ് നാളെ ഉച്ചകഴിഞ്ഞ് ഒഡീഷ തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി എട്ടുലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. പത്തുലക്ഷം പേരെ പാർപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു
ഒഡിഷ തീരത്തുനിന്നു 450 കിലോമീറ്റർ ദൂരെയാണ് ഇപ്പോൾ ഫോനിയെന്ന് ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പ് അറിയിച്ചു. 5 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഫോനി തീരത്തോട് അടുക്കുമ്പോൾ 200 കിലോമീറ്റർ വേഗത്തിലാകും. ബ്രഹ്മപുർ മുതൽ പുരി വരെയുള്ള നഗരങ്ങളിൽ അപകടകരമായ കാറ്റ് ദുരന്തം വിതയ്ക്കുമെന്നും അഞ്ചു ജില്ലകളിൽ കനത്തനാശനഷ്ടങ്ങൾക്ക് സാധ്യതയെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾക്കും മുൻകരുതൽ സ്വീകരിക്കാൻ നിർദേശമുണ്ട്.
മുൻകരുതലുകളുടെ ഭാഗമായി റയിൽവേ ഇന്നും നാളെയുമായി 103 ട്രെയിനുകളും റദ്ദാക്കി. പട്ന– എറണാകുളം എക്സ്പ്രസ് ട്രെയിനും ഇതില്‍ ഉള്‍പെടുന്നു. മത്സ്യത്തൊഴിലാളികൾക്കും തീരദേശങ്ങളിൽ താമസിക്കുന്നവർക്കും ഓരോ മണിക്കൂറിലും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അടിയന്തിര തയാറെടുപ്പുകൾ നടത്താനും നിർദ്ദേശിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.