ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് പറയുന്ന” സമീപനമാണ് കോൺഗ്രസിന്റേത്; മന്ത്രി കെഎൻ ബാലഗോപാൽ

സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് കോൺഗ്രസ് നേതാക്കളെ കേരളത്തിലെ നേതൃത്വം വിലക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. “ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് പറയുന്ന” സമീപനമാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം പരിഹസിച്ചു.

ഫിസ്കൽ ഫെഡറലിസവുമായി ബന്ധപ്പെട്ട അക്കാദമിക് സെമിനാറിൽ പങ്കെടുക്കേണ്ടിയിരുന്ന തെലങ്കാനയിലെയും കർണാടകയിലെയും മന്ത്രിമാരെ പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തടഞ്ഞത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ മണിശങ്കർ അയ്യരെയും ഫറൂഖ് അബ്ദുള്ളയെയും പോലുള്ള മുതിർന്ന നേതാക്കൾ കേരളത്തിലെ സാഹോദര്യത്തെയും മതനിരപേക്ഷതയെയും പ്രശംസിച്ചത് കോൺഗ്രസ് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ബഹളം വെക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ആരോഗ്യമന്ത്രിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് വാതിൽ പൊളിച്ച് കയറുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ എന്ത് രാഷ്ട്രീയമാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം അക്രമാസക്തമായ സമരമുറകൾ ജനങ്ങൾ തിരിച്ചറിയുമെന്നും സഭയിൽ ക്രിയാത്മകമായി ഇടപെടുന്നതിന് പകരം അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കാനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.

23-Feb-2026