എങ്ങനെയെങ്കിലും സഭ നടപടികൾ തീർന്നു കിട്ടിയാൽ മതി എന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷം: മന്ത്രി എംബി രാജേഷ്
അഡ്മിൻ
നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് രംഗത്ത്. സർക്കാരിനെതിരെ ഉന്നയിക്കാൻ കാതലായ വിഷയങ്ങളില്ലാത്തതിനാൽ സഭ നടപടികൾ എങ്ങനെയെങ്കിലും അവസാനിക്കട്ടെയെന്ന മനോഭാവത്തിലാണ് പ്രതിപക്ഷമെന്ന് അദ്ദേഹം പരിഹസിച്ചു.
ജനകീയ പ്രശ്നങ്ങൾ ഉയർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന്റെ പാപ്പരത്തം സഭാ നടുത്തളത്തിലെ ബാനർ രാഷ്ട്രീയത്തിലൂടെ തെളിഞ്ഞുവെന്നും മന്ത്രി ആരോപിച്ചു. സഭയുടെ വെല്ലിൽ ഇറങ്ങി പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ തള്ളിക്കളയും എന്നും, അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ ധൈര്യമില്ലാത്തത് അവരുടെ നിലപാടുകളിൽ തന്നെ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് ഷാ ഇടതുപക്ഷത്തെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം നടത്തിയതിനെ കുറിച്ചും മന്ത്രി പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തെ തുടച്ചുനീക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത് കോൺഗ്രസിനെ വിലയ്ക്കെടുക്കാം എന്ന ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ നേരിട്ട് അധികാരം നേടാനാകില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപി, യു.ഡി.എഫിനെ സഹായിച്ച് പിന്നീട് രാഷ്ട്രീയ നീക്കങ്ങൾ നടത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ഒത്തുകളിക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.