മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അഡ്മിൻ
വടകര മാഹി കനാലിന്റെ വികസനത്തിൽ നിർണ്ണായകമായ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് വടകര മാഹി കനാലിന്റെ നവീകരണം യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിയൂർ പഞ്ചായത്തിലെ മൂഴിക്കലിൽ, കനാൽ കുറ്റ്യാടി പുഴയുമായി ചേരുന്ന ഭാഗത്താണ് 42 കോടി രൂപ ചെലവിൽ ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പത്ത് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പശ്ചിമതീര ജലപാതയുടെ വികസനം നവകേരള നിർമ്മിതിയിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
പ്രദേശത്തെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം കൃഷി ആവശ്യങ്ങൾക്കായി ശുദ്ധജലം നിലനിർത്താനും ഉപ്പുവെള്ളം കയറുന്നത് തടയാനും ഈ ലോക്ക് കം ബ്രിഡ്ജ് ഏറെ ഉപകരിക്കും. ജലഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ ഉയർത്തിയാണ് പാലം നിർമ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
നിലവിൽ 13.68 കിലോമീറ്റർ ഭാഗമാണ് ഗതാഗതയോഗ്യമായിട്ടുള്ളത്. കനാലിന്റെ നവീകരണം പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയിലും ചരക്കുനീക്കത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.