കാണാൻ ആളില്ല; പലയിടത്തും കേരള സ്റ്റോറി 2 ഷോകൾ റദ്ദാക്കി

കേരളാ സ്റ്റോറി 2 പ്രദർശനം തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനു പിന്നാലെ സംസ്ഥാനത്തെ തിയേറ്ററുകളിൽ നിരാശാജനകമായ പ്രതികരണം. പ്രേക്ഷകർ എത്താതിരുന്നതിനാൽ മിക്ക ജില്ലകളിലും ആദ്യ ഷോകൾ റദ്ദാക്കേണ്ടിവന്നു. എറണാകുളത്തെ ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ നിശ്ചയിച്ചിരുന്ന ആദ്യ പ്രദർശനവും ആളില്ലാത്തതിനാൽ റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു.

സിനിമ സംസ്ഥാനത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന് ഭീഷണിയാകാമെന്ന ആശങ്ക ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് പ്രദർശനം തടഞ്ഞിരുന്നു. എന്നാൽ നിർമാതാക്കൾ സമർപ്പിച്ച അപ്പീലിനെ തുടർന്ന് ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിക്കുകയും ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയും ചെയ്തു.

ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് പുറത്ത് വന്ന മണിക്കൂറുകൾക്കകം തന്നെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു.

28-Feb-2026