കോൺഗ്രസ് കെജ്‌രിവാളിന്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണമെന്ന് കെടി ജലീൽ

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കുറ്റവിമുക്തരാക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. കോണ്‍ഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്‌രിവാളിനെ ബിജെപി വെടിവെച്ചിട്ടു എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ വിമര്‍ശനം.

കെജ്‌രിവാളിനെയും സിസോദിയയെയും ആസൂത്രിതമായി കുടുക്കാന്‍ കള്ളപ്പരാതി നല്‍കിയ കോണ്‍ഗ്രസ് കെജ്‌രിവാളിന്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശാപം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും തലയില്‍ ഇടിത്തീയായി പതിക്കുമെന്ന് കെ ടി ജലീല്‍ പരിഹസിച്ചു.

ആയിരം കോടിയുടെ ഇല്ലാത്ത അഴിമതി ആരോപിച്ചാണ് കോണ്‍ഗ്രസ് സിബിഐക്കും ഇ ഡിക്കും പരാതി നല്‍കിയത്. പരാതിയുടെ മുന്‍പിന്‍ നോക്കാതെ ഞൊടിയിടയില്‍ അതിനെ ആയുധമാക്കി ബിജെപിയും കേന്ദ്ര സര്‍ക്കാറും കെജ്‌രിവാളിനും സിസോദിയയ്ക്കും മേല്‍ ചാടിവീണ് കുരുക്ക് മുറുക്കുകയായിരുന്നുവെന്ന് കെ ടി ജലീല്‍ പറഞ്ഞു.

നായാട്ട് പട്ടികളെ അഴിച്ച് വിടും പോലെ മോദിയും അമിത് ഷായും കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടു. കെജ്‌രിവാള്‍ വേട്ടയുടെ ലക്ഷ്യം ഡല്‍ഹി സംസ്ഥാനം കൈക്കലാക്കലായിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കൊടുത്ത തോക്കുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആംആദ്മിയെ ഡല്‍ഹിയില്‍ വെടിവെച്ചിട്ടത്. അത് കള്ളത്തോക്കായിരുന്നു എന്ന് അവസാനം സുപ്രീംകോടതി വിധിച്ചിരിക്കുന്നുവെന്നും കെ ടി ജലീല്‍ പറഞ്ഞു.

28-Feb-2026