കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹാസവുമായി കങ്കണ

കോണ്‍ഗ്രസ് സ്വയം രക്ഷപ്പെടണമെങ്കില്‍ മികച്ച നേതാവിനെ കണ്ടെത്തണമെന്ന് ബോളിവുഡ് നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത് . എന്താണ് ചെയ്യാന്‍ പാടില്ലാത്തതെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയില്‍ നിന്നാണ് പഠിക്കുന്നതെന്നും കങ്കണ പറഞ്ഞു.

രാഹുലിനെ 'അവിവേകി' എന്നും 'വിദ്യാഭ്യാസമില്ലാത്തവനെന്നുമാണ് കങ്കണ വിശേഷിപ്പിച്ചത്. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഭാരത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കങ്കണ. രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് മാതൃകയാക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഷര്‍ട്ടില്ലാ സമരം അപലപനീയമാണെന്ന് കങ്കണ പറഞ്ഞു.

ആ സമരം തികച്ചും ദൗര്‍ഭാഗ്യകരമാണ്. രാഹുല്‍ ഗാന്ധി പ്രതിഷേധക്കാരെ 'ബബ്ബര്‍ ഷേര്‍' എന്ന് വിളിച്ചു. അദ്ദേഹത്തിന് ഭ്രാന്തായെന്ന് ഞാന്‍ കരുതുന്നു. സ്വാതന്ത്ര്യാനന്തരം, മഹാത്മാഗാന്ധി കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് പറഞ്ഞിരുന്നു. പക്ഷേ നെഹ്റു സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ പൂര്‍ണമായി നശിപ്പിക്കുമെന്നാണ് കരുതുന്നത്, കങ്കണ പറഞ്ഞു.

28-Feb-2026