തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ മുസ്ലിംലീഗ‌് കള്ളവോട്ട‌് ചെയ്യാറുണ്ടെന്ന‌് കെ സുധാകരൻ; മുസ്ലിം ലീഗിന്റെ കാര്യം സുധാകരൻ പറയേണ്ടെന്ന്‌ ലീഗ്‌ നേതാക്കൾ

യുഡിഎഫ‌് പ്രത്യേകിച്ച‌് മുസ്ലിംലീഗ‌് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ട‌് ചെയ്യാറുണ്ടെന്ന‌് സമ്മതിച്ച‌് കോൺഗ്രസ‌് വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരൻ. ഒരു ചാനലിന‌് നൽകിയ അഭിമുഖത്തിലാണ‌് ലീഗ് കള്ളവോട്ട‌് ചെയ്യാറുണ്ടെന്ന‌ും, അത‌് നേതൃത്വം അറിഞ്ഞുകൊണ്ടല്ലെന്നും കോൺഗ്രസ‌് വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരൻ പറഞ്ഞത‌്.

ഇതിനെതിരെ ലീഗ‌് രൂക്ഷമായ വിമർശനവുമായി രംഗത്ത‌് വന്നു. മുസ്ലിം ലീഗിന്റെ കാര്യം കെ സുധാകരൻ പറയേണ്ടെന്ന‌ായിരുന്നു ലീഗ‌് നേതാക്കളുടെ പ്രതികരണം. മുസ്ലിംലീഗ‌് കള്ളവോട്ട‌് ചെയ്യാറുണ്ടെന്ന‌് ഒരു ചാനൽ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞ കാര്യം വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ‌് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരിയും പ്രസിഡന്റ‌് പി കുഞ്ഞിമുഹമ്മദ‌ും രോഷത്തോടെ പ്രതികരിച്ചത‌്. കോൺഗ്രസ‌ുകാർക്ക‌് ഇരിക്കാൻ കഴിയാത്ത ബൂത്തുകളിൽപോലും യുഡിഎഫ‌് ബൂത്ത‌് ഏജന്റമാരായി ലീഗ‌് അണികൾ മുഴുവൻ സമയവും ഇരുന്നു. കള്ളവോട്ട‌് ആരോപണം തെളിഞ്ഞാൽ പാർടിതല നടപടിയുണ്ടാകുമെന്നും കുഞ്ഞിമുഹമ്മദ് പറഞ്ഞു.

ലീഗ‌് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ അബ്ദുൾഖാദർ മൗലവി, വി പി വമ്പൻ എന്നിവരും പങ്കെടുത്തു. തെരഞ്ഞെടുപ്പിനുശേഷം സുധാകരനും കോൺഗ്രസും സ്വീകരിക്കുന്ന നിലപാടുകളിൽ ലീഗ‌് കടുത്ത അതൃപ‌്തിയിലാണ‌്. തനിക്ക‌് ലഭിക്കുന്ന ന്യുനപക്ഷ വോട്ടുകളിൽ ഭൂരിപക്ഷവും ലീഗ‌് വോട്ടല്ലെന്ന‌് തെരഞ്ഞെടുപ്പ‌ിന്റെ അടുത്ത ദിവസം സുധാകരൻ പറഞ്ഞിരുന്നു‌. അതിനുപിന്നാലെയാണ‌് കള്ളവോട്ട‌് വിവാദത്തിൽ ലീഗ‌് കുടുങ്ങുകയും കോൺഗ്രസ‌് കൈകഴുകുകയും ചെയ‌്തത‌്. ജില്ലാ നേതൃയോഗത്തിനുശേഷമാണ‌് വാർത്താസമ്മേളനം വിളിച്ച‌് ലീഗ‌്നേതാക്കൾ പ്രതികരിച്ചത‌്.

02-May-2019