50 % വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ഹര്‍ജി ഫയലിൽ സ്വീകരിച്ചു; വാദം അടുത്ത ആഴ്ച കേള്‍ക്കും
അഡ്മിൻ
വിവി പാറ്റ് മെഷീനുകളിൽ പകുതി എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. കോണ്‍ഗ്രസ്, ടിഡിപി, എന്‍സിപി, സിപിഎം തുടങ്ങി 21 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയാണ് ഫയലിൽ സ്വീകരിച്ചത്. ഹർജിയിൽ അടുത്തയാഴ്ച വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ലോക്‌സഭാ മണ്ഡലത്തിലെ ഒരു വോട്ടിങ് യന്ത്രത്തില്‍നിന്നുള്ള സ്ലിപ്പുകള്‍ എണ്ണാനായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. ഇത് അപര്യാപ്തമാണെന്നും കൂടുതല്‍ സ്ലിപ്പുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അഞ്ച് മെഷീനുകളില്‍നിന്നുള്ള സ്ലിപ്പുകള്‍ എണ്ണണമെന്ന് ഏപ്രില്‍ എട്ടിന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു നടപടി.
എന്നാൽ ആന്ധ്രാപ്രദേശിൽ അടക്കം വ്യാപകമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടു നടന്നുവെന്നും അതിനാൽ ഉത്തരവ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് കോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.