പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കി പുറത്തിറക്കിയ പുതിയ പ്രചാരണ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) രചനയും ആലാപനവും നിർവ്വഹിച്ച ‘കാത്തിരുന്ന കാലമേ…’ എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. പത്തുവർഷത്തെ ഭരണ നേട്ടങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും ക്ഷേമ പദ്ധതികളും റാപ്പ് സംഗീത ശൈലിയിലൂടെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
“അവകാശമൗദാര്യമല്ല, പുലരി പിറക്കട്ടെ, അറിവുള്ള കരം അധികാര പേനയെടുക്കട്ടെ” എന്ന വരികൾ യുവതലമുറയ്ക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. പ്രതിസന്ധികളെ കേരളം അതിജീവിച്ച രീതിയും ഗാനത്തിൽ പ്രതിപാദിക്കുന്നുണ്ട്. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങൾക്കൊപ്പം അതിജീവനത്തിന്റെ അടയാളമായി സർക്കാർ വിഭാവനം ചെയ്ത അത്യാധുനിക വയനാട് ടൗൺഷിപ്പിന്റെ രൂപരേഖയും ഗാനരംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ഒന്നായി തുടരാം, നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനോടെയാണ് ഈ ഗാനം പുറത്തിറങ്ങിയത്. ദശകങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കിയതും സാധാരണക്കാരുടെ ജീവിതനിലവാരത്തിൽ വന്ന മാറ്റങ്ങളും ഗാനം ചർച്ചയാക്കുന്നു. മുൻപത്തെ യുഡിഎഫ് ഭരണകാലവും കഴിഞ്ഞ പത്തുവർഷത്തെ വികസനക്കുതിപ്പും തമ്മിലുള്ള വ്യത്യാസം ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പ്രചാരണ നീക്കം ഇതിനോടകം വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞു.