മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ടാണ് തുരങ്കപാതാ പദ്ധതി വേഗത്തിൽ തുടങ്ങാനായത്: ലിൻ്റോ ജോസഫ് എംഎൽഎ

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത രാജ്യത്തെ തന്നെ അഭിമാന പദ്ധതിയാണ് എന്ന് തിരുമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്. എംഎൽഎ ആയി നിയമസഭയിലെത്തിയപ്പോൾ തന്നെ ആദ്യം ഉന്നയിച്ച ആവശ്യം തുരങ്കപാതയാണ്. എത്ര തുകയായാലും അത് സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് ഉറപ്പ് നൽകിയത്. ലിൻ്റോ ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് റിവ്യൂ ചെയ്ത പദ്ധതികളിലൊന്നാണ് തുരങ്കപാത. മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ടാണ് വേഗത്തിൽ പദ്ധതി തുടങ്ങാനായത്. നാല് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് എന്നും ലിൻ്റോ ജോസഫ് വ്യക്തമാക്കി.

ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ തന്നെ ഫസ്റ്റ് ബ്ലാസ്റ്റ് നടന്നു. പദ്ധതിയെ കണ്ണുംപൂട്ടി എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് എടുത്തത്. എതിർക്കുന്ന വി.ഡി. സതീശൻ്റെ നിലപാട് ചർച്ച ചെയ്യപ്പെടണമെന്നും ലിൻ്റോ ജോസഫ് ആവശ്യപ്പെട്ടു. എല്ലാ അനുമതിയും ലഭിച്ചിട്ടാണ് നിർമാണം തുടങ്ങിയത്. ഓരോ നിർമാണ ഘട്ടത്തിലും പാലിക്കേണ്ട നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകുമെന്നും ലിൻ്റോ ജോസഫ് അറിയിച്ചു.

"പദ്ധതി വരുന്നതിൽ പ്രദേശത്തെ ജനങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. ഉരുൾപൊട്ടലിനെ സംബന്ധിച്ചുള്ള ആശങ്ക പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്. ശരിയായ ആശങ്ക പ്രകടിപ്പിക്കുന്നവരെ എല്ലാം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രകാരം നോർവയിൽ നിന്ന് വരെ വിദഗ്ധരെത്തി പാറ പരിശോധന നടത്തി. ഒരു അപകടവും സംഭവിക്കാതെ നിർമാണം നടത്താൻ സാധിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കിയത്", ലിൻ്റോ ജോസഫ് പറഞ്ഞു.

07-Mar-2026