ഫോനി ചുഴലിക്കാറ്റ് കനത്തനാശം വിതച്ച് ഒഡീഷ തീരങ്ങളിൽ താണ്ഡവമാടുന്നു

ഫോനി ചുഴലിക്കാറ്റ് കനത്തനാശം വിതച്ച് ഒഡീഷ തീരങ്ങളിൽ താണ്ഡവമാടുന്നു. രാവിലെ എട്ടുമണിക്ക് പുരിയില്‍ എത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കീലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്. ആറു പേര്‍ ഇതിനകം മരണമടഞ്ഞതയാണ് റിപ്പോർട്ട്. കടൽ വൻ തോതിൽ ക്ഷോഭിച്ചതോടെ തിലമാലകൾ ഒൻപത് മീറ്റർ വരെ ഉയരുകയും ചെയ്തു. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.

1999നു ശേഷം ഒഡീഷ നേരിടുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. 11 ലക്ഷം പേരെയാണ് ചുഴലിക്കാറ്റ് മുന്നിൽ കണ്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ആൾനാശം പരമാവധി കുറയ്ക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഒഡീഷ സർക്കാർ നടത്തിയത്. നിരവധി ദുരിതാശ്വാസ ക്യാന്പുകൾ സർക്കാർ തുറന്നിട്ടുണ്ട്. ഒഡീഷയ്ക്ക് പുറമേ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ം തമിഴ്‌നാട് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ആന്ധ്ര, ബംഗാള്‍ തീരത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്ന കാറ്റ് ബംഗാളില്‍ എത്തുന്നതോടെ ശക്തികുറയുമെന്നാണ് കരുതുന്നത്.

ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കൻ കമാൻഡ്, കര, വ്യോമസേനകൾ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി അതത് സമയത്തെ സ്ഥിതി വിലയിരുത്തുന്നുണ്ട്.

03-May-2019