മമ്മൂട്ടിയോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയൻ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ലക്ഷ്യമിട്ട് നടന്ന പ്രചരണങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിച്ച സാഹചര്യത്തിൽ പരസ്യമായി ഖേദം രേഖപ്പെടുത്തി. വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രവർത്തകർക്ക് ഇത്തരം പ്രചാരണങ്ങളിൽ പങ്കുണ്ടെന്ന ധാരണ ഉണ്ടെങ്കിൽ അതിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയെപ്പോലൊരു മഹാനടനെ അപമാനിക്കുന്നത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായി പ്രദേശവാസികൾ വലിയ സന്തോഷത്തിലാണെന്നും കേരളം ആളുകളെ എങ്ങനെ ചേർത്തുപിടിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ നിന്ന് ആരെയും അറിയിക്കാതെയാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. എന്നാൽ കേരളത്തിൽ എന്തിനെയും വിവാദമാക്കാൻ ശ്രമിക്കുന്ന ചിലർ ഈ സന്ദർശനത്തെയും തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു.
യാതൊരു പ്രചാരണവും ആഗ്രഹിക്കാതെ എത്തിയ മമ്മൂട്ടിയുടെ വാക്കുകൾ പിന്നീട് വക്രീകരിക്കപ്പെടുകയും സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി ക്ഷുഭിതനായി, അപമാനിക്കപ്പെട്ടു എന്നിങ്ങനെയുള്ള വാർത്തകളും വ്യാപകമായി പ്രചരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നല്ല ഉദ്ദേശത്തോടെ എത്തിയ വ്യക്തിയെ തിരിച്ചറിയാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും, ഇത്തരം വിഷയങ്ങളിൽ സമൂഹമാധ്യമങ്ങൾ വിവേകത്തോടെ ഉപയോഗിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.