കേരളത്തിന്റെ തദ്ദേശഭരണത്തിന് ഐ കെ എം നൽകിയത് വിപ്ലവകരമായ മാറ്റം : മന്ത്രി എം ബി രാജേഷ്

കേരളത്തിന്റെ തദ്ദേശഭരണ സംവിധാനത്തിന് ഇൻഫർമേഷൻ കേരള മിഷൻ (ഐ കെ എം) നൽകിയത് വിപ്ലവകരമായ മാറ്റമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനോ ഐ.ടി സ്ഥാപനത്തിനോ സാധിക്കാത്ത നേട്ടമാണ് കേരളത്തിൽ കെ-സ്മാർട്ട് (K-Smart) നടപ്പിലാക്കിയതിലൂടെ ഐ.കെ.എമ്മിന് കൈവരിക്കാൻ കഴിഞ്ഞത്. ഇതിലൂടെ ഫയൽ അധിഷ്ഠിത ഗവേണൻസിനെ ഡാറ്റാ അധിഷ്ഠിത ഗവേണൻസിലേക്ക് പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. ഇൻഫർമേഷൻ കേരള മിഷൻ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ-സ്മാർട്ട് പോലൊരു വലിയ പദ്ധതി ഐ.കെ.എമ്മിന് നടപ്പിലാക്കാൻ സാധിക്കുമോ എന്ന ആശങ്ക തുടക്കത്തിൽ പലർക്കും ഉണ്ടായിരുന്നു. എന്നാൽ ഏതൊരു കോർപ്പറേറ്റ് കമ്പനിയെയും വെല്ലുന്ന മികച്ച തൊഴിൽ സംസ്‌ക്കാരം വളർത്തിയെടുത്ത് ഐ.കെ.എം ജീവനക്കാർ കൂട്ടായി ഈ നേട്ടം കൈവരിച്ചു. ഓരോ 15 ദിവസം കൂടുമ്പോഴും കൃത്യമായ അവലോകന യോഗങ്ങൾ നടത്തിയാണ് പദ്ധതി ലക്ഷ്യത്തിലെത്തിച്ചത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന് എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും എന്ന് ഇതിലൂടെ തെളിയിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കെ-സ്മാർട്ട് നിലവിൽ വന്നശേഷം ഒരു കോടിയിലധികം ഫയലുകൾ ഇതിലൂടെ കൈകാര്യം ചെയ്തു. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റാൻ ഐ.കെ.എമ്മിന് കഴിഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഈസ് ഓഫ് ലിവിങ്. ഇത് ഉറപ്പുവരുത്തുന്നതിൽ ഐ.കെ.എമ്മിന്റെയും കെ-സ്മാർട്ടിന്റെയും മികച്ച സംഭാവന ചരിത്രത്തിൽ അടയാളപ്പെടുത്തും. പ്രെഡിക്റ്റീവ് ഗവേണൻസ് എന്ന അടുത്ത ഘട്ടത്തിലേക്കാണ് കേരളം ഇനി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഐ.കെ.എം ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി വി അനുപമ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കില ഡയറക്ടർ ജനറൽ എ നിസാമുദീൻ, സംസ്ഥാന പ്ലാനിങ് കമ്മീഷൻ അംഗം പ്രൊഫ. ജിജു പി അലക്‌സ്, കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, ഇൻഫർമേഷൻ കേരള മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബു തുടങ്ങിയവർ സന്നിഹിതരായി.

10-Mar-2026