യുഡിഎഫ് ഭരണകാലത്ത് 47.70 കോടി രൂപ മുടക്കി നിർമ്മിച്ച പാലാരിവട്ടം ഫ്‌ളൈഓവര്‍ നിര്‍മാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കും: ജി സുധാകരൻ

യുഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച പാലാരിവട്ടം ഫ്‌ളൈഓവര്‍ നിര്‍മാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കുമെന്നു മന്ത്രി ജി സുധാകരൻ. 47.70 കോടി രൂപ മുടക്കി റോഡ്‌സ് & ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷൻ മുഖാന്തരം നിര്‍മിച്ച ഫ്‌ളൈ ഓവറിന്റെ നിര്‍മാണത്തിലുണ്ടായ വീഴ്ചയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയെ ചുമതലപ്പെടുത്തിയതായാണ് മന്ത്രി ജി സുധാകരൻ അറിയിച്ചത്.

റോഡ്‌സ് & ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനു വേണ്ടി ഡല്‍ഹി കേന്ദ്രമായ ആര്‍ ഡി എസ് പ്രോജക്ട് ലിമിറ്റഡ്- ആണ് പാലാരിവട്ടം ഫ്‌ളൈഓവര്‍ നിർമ്മിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടൻ ഉദ്ഘാടനം ചെയ്ത പാലാരിവട്ടം ഫ്‌ളൈ ഓവറില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മാണത്തിലെ ചില അപാകതകള്‍ ശ്രദ്ധയില്‍പ്പെടുകയും വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ഉണ്ടായി. പ്രാഥമിക റിപ്പോര്‍ട്ടില്‍ അപാകതകള്‍ ഉണ്ട‌് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി ചെന്നൈ ഐഐടിയിലെ വിദഗ്ദരെ ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ടില്‍ സാരമായ അപാകതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വീഴ്ചകള്‍ പരിശോധിക്കുന്നതിനാണ് വിജിലൻസ് അന്വേഷണ ത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി അറിയിച്ചു.

ഐഐടി വിദഗ്ദര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളൈ ഓവറിന്റെ അപാകതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ജി സുധാകരൻ അറിയിച്ചു.

04-May-2019