ദേശീയപാത വികസനം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി: കോടിയേരി ബാലകൃഷ്‌ണൻ
അഡ്മിൻ
കേരളത്തിലെ ദേശീയപാത വികസനം തടഞ്ഞ കേന്ദ്രസർക്കാർ നടപടി കേരളത്തോടും ഫെഡറൽ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രസ‌്താവനയിൽ പറഞ്ഞു. എൽഡിഎഫ് ഭരണമുള്ള കേരളം വികസിക്കരുതെന്ന സങ്കുചിതമനസ്സ് ഇന്ത്യയെ ഒന്നായി നയിക്കേണ്ട കേന്ദ്ര സർക്കാരിനുണ്ടാകാൻ പാടില്ല. റോഡ് വികസനം സ്‌തംഭിപ്പിക്കുന്ന കേന്ദ്രസർക്കാർ തീരുമാനം റദ്ദാക്കുന്നില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. നീതി ലഭിക്കാൻ നിയമവഴികൾ തേടുമെന്നും കോടിയേരി പറഞ്ഞു.
അടുത്തവർഷം പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവരികയായിരുന്നു സംസ്ഥാന സർക്കാർ. എന്നാൽ, കാസർകോട‌് ഒഴികെ 13 ജില്ലയിലും സ്ഥലമെടുപ്പ് ഉൾപ്പെടെ നിർത്തിവയ്‌ക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. സ്വേച്ഛാപരമായ ഈ ഉത്തരവ് അധികാരം ഒഴിയുംമുമ്പ് മോഡി സർക്കാർ പിൻവലിക്കണം. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ നടുവിൽ ഉമ്മൻചാണ്ടി സർക്കാർ 2013 ൽ ഉപേക്ഷിച്ചതാണ് ദേശീയപാത വികസനപദ്ധതി. എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഭൂമി നഷ്‌ടപ്പെടുന്നവരുടെ വേദനകൂടി മനസ്സിലാക്കി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയി. ചില സ്ഥലങ്ങളിൽ ബിജെപിയും യുഡിഎഫും ഒന്നായി ചേർന്ന് കലാപം സൃഷ്‌ടിക്കാൻ ശ്രമിച്ചെങ്കിലും അവിടങ്ങളിലടക്കം ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
നിരവധി സ്ഥലങ്ങളിൽ മേൽപ്പാലനിർമാണവും പൂർത്തിയാക്കി. ഇതിനെയെല്ലാം തകിടം മറിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിൽ പിണറായി വിജയൻ സർക്കാർ രാജ്യത്തിനുതന്നെ മാതൃകയാണ‌്. യുഡിഎഫ് ഭരണത്തിൽ മുടങ്ങിയ ഗെയ്‌ൽ പൈപ്പ്‌ലൈൻ പദ്ധതി യാഥാർഥ്യമാകുന്നു. ഇടമൺ–--കൊച്ചി ഗ്രിഡ് പൂർത്തിയാക്കി. കൊച്ചി–-മംഗളൂരു പാത രണ്ടുമാസത്തിനകം പൂർത്തിയാകും. മലയോര, -തീരദേശ പാതകൾ നിർമാണ പ്രവർത്തനങ്ങളിലേക്ക് സംസ്ഥാന സർക്കാർ പ്രവേശിച്ചു.
ജനങ്ങൾക്കും നാടിനും അനുഗ്രഹമാകുന്ന വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് ദേശീയപാത വികസനം തടഞ്ഞുകൊണ്ടുള്ള മോഡി സർക്കാരിന്റെ ഇരുട്ടടി. ഇതിന് പ്രേരണയേകുകയും കൂട്ടുനിൽക്കുകയും ചെയ്യുന്ന സമീപനമാണ് പി എസ് ശ്രീധരൻപിള്ളയിൽനിന്നുണ്ടായത്. കേന്ദ്രസർക്കാരിന് അയച്ച കത്ത് ഇതിന് തെളിവാണ്. നാലുവരിപ്പാത എന്നത് കേരള വികസനത്തിനുള്ള അടിസ്ഥാനഘടകമാണ്. ഇതിനെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ദേശവിരുദ്ധ നടപടിക്കെതിരെ കക്ഷി-രാഷ്ട്രീയത്തിനതീതമായി കേരളീയർ ഒന്നായി രംഗത്തുവരണമെന്ന് കോടിയേരി അഭ്യർഥിച്ചു.
07-May-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ