വിവിപാറ്റ് രസീതികള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
അഡ്മിൻ
50 ശതമാനം വിവിപാറ്റ് രസീതികള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 50 ശതമാനം വിവിപാറ്റ് രസീതികള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനത്തിന് ഒമ്പതു ദിവസമെങ്കിലും വേണ്ടി വരുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിയെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നായിരുന്നു നേരത്തേ വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെ 21 പാര്‍ട്ടികൾ നൽകിയ പുനഃപരിശോധനാ ഹർജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്.
എന്താണ് വിവിപാറ്റ്?
വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനം പ്രദാനം ചെയ്യുന്നു. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാരപ്രദമാണ്.