തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബിജെപിയിലേക്ക്?
അഡ്മിൻ
തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബിജെപിയിലേക്കെന്ന് അഭ്യൂഹം ശക്തം. ഇതിന്റെ ഭാഗമായി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പിന്തുണ അറിയിച്ച് എത്തിയ ഒ പനീര്‍ശെല്‍വം ചില കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാണ് തമിഴകത്തേക്ക് മടങ്ങിയതെന്നാണ് വാദം.
തേനി മണ്ഡലത്തില്‍ മകന്‍ രവീന്ദ്രനാഥായിരുന്നു എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. തേനിയില്‍ പരാജയപ്പെട്ടാല്‍ മകന് വേണ്ടി സുരക്ഷിത സ്ഥാനവും, മന്ത്രിസഭ താഴെ വീണാൽ ഗവര്‍ണര്‍ പദവിയുമാണ് വാരണാസിയിൽ പനീര്‍ശെല്‍വം ബിജെപിയിൽ ചേരുന്നതിനുള്ള ഉപാധിയായി മുന്നോട്ടു വെച്ചത് എന്നാണു ലഭിക്കുന്ന വിവരം.
ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 സീറ്റുകളിലും നാല് മണ്ഡലങ്ങളിലും ഈ വിഷയം ഉന്നയിച്ചാണ് ടിടിവി ദിനകരന്‍റെയും സ്റ്റാലിന്‍റെയും പ്രചാരണം. എന്നാൽ കുപ്രചാരണമെന്ന് പറഞ്ഞ് ഇതെല്ലാം നിഷേധിക്കുകയാണ് പനീർശെൽവം.
234 അംഗ സഭയില്‍ 114 പേരുടെ ഭൂരിപക്ഷമാണ് സര്ക്കാരിനുള്ളത്. അതുകൊണ്ടു തന്നെ 22 സീറ്റുകളില്‍ 11 ഇടത്തെ വിജയം എടപ്പാടി സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാൽ 22 സീറ്റുകളും തൂത്തുവാരി ഡിഎംകെ അധികാരത്തിലേറുമെന്നാണ് സ്റ്റാലിന്‍റെ അവകാശവാദം. വോട്ട് ചോര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ദിനകരന്‍റെ നീക്കവും ചങ്കിടിപ്പോടെയാണ് അണ്ണാ ഡിഎംകെ നേതൃത്വം വീക്ഷിക്കുന്നത്.