ദേശീയപാത വികസനത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയ്‌ക്ക് സാഡിസ്റ്റ് മനോഭാവം: പിണറായി വിജയൻ

ദേശീയപാത വികസനത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്‌ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു ശ്രീധരൻ പിള്ളക്ക് പരാതി ഉണ്ടെങ്കിൽ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറിനോടാണ്. രഹസ്യമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ളയുടെ മനോഭാവം സാഡിസ്റ്റ് നിലവാരത്തിലുള്ളതാണ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കാസർകോട് മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ 45 മീറ്റർ വീതിയിൽ നാഷണൽ ഹെെവെ നാല് വരിയാക്കുന്ന പ്രോജക്ട് കേന്ദ്ര സർക്കാരിന്റെ ദേശീയ പാത സ്‌കീമിൽ ഉൾപ്പെടുത്തിയിരുന്നു. 2013ൽ യു.ഡി.എഫ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ എടുക്കാത്തതുമൂലം പദ്ധതി പാതിവഴിയിലാവുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ നാഷണൽ ഹെെവെ അതോറിറ്റി അതിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് എൽ.ഡി.എഫ് മുൻകെെ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് പദ്ധതി നിര്‍ത്തി വയ്ക്കാൻ തീരുമാനിച്ചത്. കാരണം വ്യക്തമാക്കുന്നുമില്ല. തെര‍ഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിര്‍ത്തി വയ്ക്കാൻ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

07-May-2019